ഇന്ത്യയിൽ നിന്നും വിസിറ്റിങ് വിസക്കാർക്ക് ഉൾപ്പടെ എല്ലാ വിസക്കാർക്കും യുഎഇയിലേക്ക് മടങ്ങാം; അനുമതി നൽകി കേന്ദ്രം

ദുബായ്: ഇന്ത്യയിൽ നിന്നുള്ള എല്ലാ വിസക്കാർക്കും യുഎഇയിലേക്ക് മടങ്ങാമെന്ന് ക്‌നേദ്രസർക്കാർ. വിസിറ്റിങ് വിസക്കാർക്ക് അടക്കം യുഎഇയിലേക്ക് ഇന്ന് മുതൽ മടങ്ങാൻ ഇതോടെ കേന്ദ്രസർക്കാർ അനുമതിയായിരിക്കുകയാണ്. ഇക്കാര്യത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചെന്നും എല്ലാ വിസകളിലുള്ളവർക്കും മടങ്ങിയെത്താമെന്നും യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി പവൻകപൂറും അറിയിച്ചു.

വിസിറ്റിങ് വിസക്കാർക്ക് മടങ്ങിവരാൻ യുഎഇ നേരത്തെ അനുമതി നൽകിയിരുന്നെങ്കിലും ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ഇവരെ തടഞ്ഞിരുന്നു. കോഴിക്കോട് വിമാനത്താവളത്തിൽ വിമാനം പുറപ്പെടുന്നതിന് തൊട്ടുമുൻപ് പോലും വിദ്യാർത്ഥികളെ ഇറക്കിവെട്ട സംഭവവും ഉണ്ടായി. ഇതേ തുടർന്ന് സ്മാർട്ട് ട്രാവൽസ് എംഡി അഫി അഹ്മദ് ഇന്ത്യൻ എംബസിക്കും കോൺസുലേറ്റിനും നിവേദനം നൽകിയിരുന്നു. ഈ വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്ത് നൽകിയതായും ഉടൻ പ്രശ്‌നം പരിഹരിക്കുമെന്നാണ് കരുതുന്നതെന്നും അംബാസിഡർ പവൻ കപൂർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ അനുമതി നൽകിയത്.

നേരത്തെ റസിഡൻഡ് വിസക്കാർക്ക് മടങ്ങിവരാൻ അനുമതി നൽകിയിരുന്നു. ഇന്ത്യയിൽ നിന്ന് അനുമതി ലഭിക്കാത്തതിനാൽ അമേരിക്ക വഴി യാത്ര ചെയ്ത് യുഎഇയിൽ എത്തിയ സംഭവവുമുണ്ടായി. ഉടൻ മടങ്ങിയെത്തിയില്ലെങ്കിൽ ജോലി നഷ്ടമാകുമെന്ന ആശങ്കയിൽ കഴിഞ്ഞവർക്കാണ് ഈ നടപടി ഏറെ ആശ്വാസമായത്. മക്കളും മാതാപിതാക്കളും നാട്ടിൽ കുടുങ്ങിയവരും അനുമതിക്കായി കാത്തുനിൽക്കുകയായിരുന്നു.

Exit mobile version