സൂപ്പര്‍മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്ക് വെച്ച ഹിന്ദു ദൈവങ്ങളുടെ പ്രതിമകള്‍ എറിഞ്ഞുടച്ച് വനിത; നടപടി

മനാമ: ഹിന്ദു ദൈവങ്ങളുടെ പ്രതിമകള്‍ എറിഞ്ഞുടയ്ക്കുന്ന പര്‍ദ്ദ ധാരികളായ രണ്ട് യുവതികളുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിച്ചുകൊണ്ടിരുന്നു. ബഹ്‌റൈനില്‍ നിന്നുള്ള ദൃശ്യങ്ങളായിരുന്നു ഇത്. സംഭവത്തില്‍ വനിതകള്‍ക്കെതിരെ പോലീസ് നടപടി സ്വീകരിച്ചുവെന്ന് റിപ്പോര്‍ട്ട്.

സൂപ്പര്‍ മാര്‍ക്കറ്റിലെ ഷെല്‍ഫില്‍ വെച്ചിരുന്ന പ്രതിമകളാണ് പര്‍ദ്ദ ധാരികളായ യുവതികള്‍ നിലത്ത് എറിഞ്ഞുടച്ചത്. സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനോട് ദേഷ്യപ്പെട്ടുകൊണ്ടായിരുന്നു വിഗ്രഹങ്ങള്‍ താഴേക്കെറിഞ്ഞത്. ഈ ദൃശ്യങ്ങള്‍ ആരോ ചിത്രീകരിക്കുകയും പിന്നീട് സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയുമായിരുന്നു.

വീഡിയോ നിമിഷ നേരം കൊണ്ട് തന്നെ സോഷ്യല്‍മീഡിയില്‍ ഒന്നടങ്കം വൈറലാവുകയും ചെയ്തു. ഇന്ത്യയിലും സമൂഹമാധ്യമങ്ങളില്‍ ഈ സംഭവം വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്ത് വിമര്‍ശിച്ച് രംഗത്തെത്തിയത്.

അറബ് രാജ്യങ്ങളിലെ സഹിഷ്ണുതയെ ചോദ്യം ചെയ്യുന്ന തരത്തില്‍വരെ ഇത്തരം ചര്‍ച്ചകളെ ചില തല്‍പര കക്ഷികള്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. എന്നാല്‍ ഈ പ്രവര്‍ത്തി ചെയ്ത വനിതകള്‍ക്കെതിരെ ബഹ്‌റിന്‍ പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

Exit mobile version