ജോലി തേടി സന്ദർശക വിസയിൽ ഇന്ത്യക്കാർക്ക് യുഎഇയിൽ പ്രവേശിക്കാനാകില്ല; കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് ഇന്ത്യൻ അംബാസഡർ

ദുബായ്: കൊവിഡ് സാഹചര്യത്തിലെ നിയന്ത്രണങ്ങൾക്കിടെ യുഎഇയിലേക്ക് സന്ദർശക വിസയുമായി ഇന്ത്യക്കാർക്ക് വരാൻ കഴിയില്ലെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ. സന്ദർശക വിസക്കാരുടെ യാത്രാചട്ടങ്ങളിൽ വ്യക്തത വരുന്നതുവരെ യുഎഇയിലേക്ക് വരാനാകില്ല. സന്ദർശക വിസയിൽ യുഎഇയിലേക്ക് യാത്ര ചെയ്യുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് മനസ്സിലാക്കുന്നത്. നിലവിൽ ഒരു വിമാന കമ്പനിയും ഇന്ത്യയിൽ നിന്നുള്ള സന്ദർശക വിസക്കാരെ കൊണ്ടുവരുന്നില്ലെന്നും പവൻ കപൂർ അറിയിച്ചു.

അതേസമയം, ഇന്ത്യക്കാർക്ക് സന്ദർശക വിസ അനുവദിച്ചുകൊണ്ട് കഴിഞ്ഞയാഴ്ച ദുബായ് അറിയിപ്പ് പുറത്തിറക്കിയിരുന്നു. ദുബായ് എമിറേറ്റ് സന്ദർശക വിസ നൽകി തുടങ്ങിയ സാഹചര്യത്തിൽ യാത്ര ചെയ്യാനാഗ്രഹിക്കുന്നവർക്ക് അനുകൂലമായ സാഹചര്യം ഇന്ത്യ ഒരുക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ഇന്ത്യൻ അംബാസഡർ പറഞ്ഞു.

വന്ദേ ഭാരത് ദൗത്യത്തിലൂടെ താമസ വിസയുള്ളവരെ മാത്രമെ നിലവിൽ യുഎഇയിലേക്ക് മടക്കി കൊണ്ടുപോകുന്നുള്ളൂ. എങ്കിലും സന്ദർശക വിസയിലെത്തുന്നവർക്ക് ചില നിർദേശങ്ങളും ഇന്ത്യൻ അംബാസഡർ നൽകി. കുടുംബാംഗങ്ങളെ കാണുന്നതടക്കമുള്ള അടിയന്തര സാഹചര്യങ്ങളിൽ സന്ദർശക വിസയിൽ വരുന്നതിൽ തെറ്റില്ല. ജോലി ഉറപ്പിച്ച് എത്തുന്നതും ന്യായീകരിക്കാം. എന്നാൽ ജോലി അന്വേഷിച്ച് കണ്ടെത്താനാണ് സന്ദർശക വിസയിൽ വരാനിരിക്കുന്നതെങ്കിൽ ഇത് ശരിയായ സമയമാണോ എന്ന് അവരവർ തന്നെ ചിന്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Exit mobile version