സമൂഹത്തിനായി സ്വയം സമര്‍പ്പിച്ച് മലയാളി, 12ാം വിവാഹവാര്‍ഷിക ദിനത്തില്‍ കോവിഡ് പരീക്ഷണത്തിന് വിധേയനായി ലോകത്തിന് തന്നെ മാതൃക, പൂര്‍ണ്ണപിന്തുണയുമായി ഭാര്യയും

അബുദാബി: സമൂഹത്തിന് തന്നാലാവും വിധം എന്തെങ്കിലുമൊക്കെ ചെയ്യുന്നത് സദാബ് അലിയുടെ ജീവിതത്തിന്‌റെ ഭാഗമാണ്. അതുകൊണ്ടുതന്നെ യു.എ.ഇ.യുടെ കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് വിധേയനായത് അദ്ദേഹത്തിന് അത്ര വലിയ കാര്യമായി തോന്നിയിട്ടുമില്ല.

‘മാനവികതയ്ക്കുവേണ്ടി എന്തെങ്കിലും ചെയ്യാനായതില്‍ സന്തോഷം’ എന്ന കുറിപ്പും ഒപ്പം ഒരു സിറിഞ്ച് ശരീരത്തിലെവിടെയോ കുത്തുന്ന ‘ക്ലോസ് അപ്പ്’ ചിത്രവും പങ്കുവെച്ചുകൊണ്ടാണ് സദാബ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. മലപ്പുറം കോട്ടക്കല്‍ സ്വദേശിയും 41കാരനുമായ സദാബ് അലി യു.എ.ഇയില്‍ എത്തിയിട്ട് 16 വര്‍ഷമായി.

അബുദാബി കമ്യൂണിറ്റി പോലീസിന്റെ ‘വി ആര്‍ ഓള്‍ പോലീസ്’ പദ്ധതിയിലെ സജീവാംഗമാണ് സദാബ്. ആ കൂട്ടായ്മയിലൂടെയാണ് വാക്‌സിന്‍ പരീക്ഷണത്തിന്റെ ചിന്തയിലേക്ക് വരുന്നത്. ഇതിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി. രണ്ടുദിവസത്തിനകം ആരോഗ്യവകുപ്പില്‍നിന്നുള്ള വിളി വന്നു.

ഈ വലിയ ഉദ്യമത്തിന്റെ ഭാഗമാവാന്‍ സന്നദ്ധതയറിയിച്ചതില്‍ അഭിനന്ദനങ്ങള്‍ അറിയിക്കുകയും പ്രാരംഭ പരിശോധനകള്‍ക്ക് അനുയോജ്യമായ സമയം തിട്ടപ്പെടുത്തുകയും ചെയ്തു. അവധിദിനമായ ജൂലായ് 24-ന് വെള്ളിയാഴ്ച അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററിലായിരുന്നു പ്രാരംഭ പരിശോധന.

സദാബിന്റെ പന്ത്രണ്ടാം വിവാഹവാര്‍ഷികമായിരുന്നു അന്ന്. ഫാര്‍മസിസ്റ്റ് കൂടിയായിരുന്ന ഭാര്യ സാഹിറയുടെ പിന്തുണ ഈ ഉദ്യമത്തില്‍ ഭാഗമാവാന്‍ കരുത്തുപകര്‍ന്നു. വാക്‌സിന്‍ പരീക്ഷണത്തിന്റെ സൂക്ഷ്മമായ കാര്യങ്ങള്‍വരെ ആരോഗ്യ പ്രവര്‍ത്തകര്‍ വിശദീകരിച്ചു.

തുടര്‍ന്ന് വയസ്സ്, ഭാരം, രക്തം, കോവിഡ് എന്നിവയെല്ലാം പരിശോധിച്ചു. ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്ക് സാധ്യതയുണ്ടോ എന്ന പരിശോധനയാണ്. ബില്‍റൂബിന്‍തോതില്‍ വ്യത്യാസം കണ്ടെത്തിയതിനെത്തുടര്‍ന്ന് അപേക്ഷ പ്രാരംഭത്തില്‍ത്തന്നെ തള്ളി.

എന്നാല്‍ പിന്നീടുള്ള വിശദ പരിശോധനയ്ക്കും കുടുംബത്തിലെ രോഗപാരമ്പര്യനിര്‍ണയത്തിനും ശേഷം ആ വെല്ലുവിളി തരണംചെയ്ത് വാക്‌സിന്‍ പരീക്ഷണത്തിന് സജ്ജമായ ശരീരമെന്ന സാക്ഷ്യപത്രം ലഭിച്ചു. ജൂലായ് 28 ചൊവ്വാഴ്ച വീണ്ടും നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍.

വീണ്ടും ശാരീരികപരിശോധനയ്ക്ക് വിധേയനായി. വാക്‌സിന്‍ പരീക്ഷണത്തെക്കുറിച്ചുള്ള പൂര്‍ണവും സ്പഷ്ടവുമായ ബോധവത്കരണം. ശേഷം ഡോക്ടറുടെ മുറിയിലേക്ക്. പരീക്ഷണത്തിന് തയ്യാറാണെന്ന് സദാബും പരീക്ഷിക്കുന്നത് താനാണെന്ന് ഡോക്ടറും ഉടമ്പടിയില്‍ ഒപ്പുവെച്ചു.

ആന്റിബോഡി പരിശോധനയ്ക്കായി ആദ്യം രക്തമെടുത്തു. ശേഷം ‘ഇനാക്റ്റിവേറ്റഡ് വാക്‌സിന്‍’ ആദ്യ ഡോസ് വലതുകൈയില്‍ കുത്തിവെച്ചു. ലോകം മുഴുവന്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ആ ഉദ്യമത്തില്‍ അങ്ങനെ ഒരു പ്രവാസി മലയാളിയും പങ്കാളിയായി.

ഇനിയുള്ള 379 ദിവസവും ഇദ്ദേഹവും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാവും. ഇനിയൊരു ഡോസ് കൂടിയുണ്ട്. 21 ദിവസത്തിനുശേഷം. എങ്കിലും എല്ലാ ദിവസവും ശാരീരികവും മാനസികവുമായ എല്ലാ മാറ്റങ്ങളും അടയാളപ്പെടുത്തണം. എല്ലാം അതതുസമയങ്ങളില്‍ ആരോഗ്യവകുപ്പ് പ്രതിനിധികള്‍ അന്വേഷിക്കും. അവര്‍ എല്ലാ പിന്തുണയും സഹായങ്ങളും നല്‍കും.

സമൂഹത്തിനായി സ്വയം സമര്‍പ്പിച്ച മൂന്ന് കുട്ടികളുടെ പിതാവായ സദാബും അദ്ദേഹത്തെപ്പോലുള്ളവരും നാളെയുടെ പ്രതീക്ഷയാണ്. ഏതുപ്രതിസന്ധിയിലും സമര്‍പ്പണ മനോഭാവത്തോടെ മാനവരാശിക്ക് കൈത്താങ്ങാവാന്‍ ആരെങ്കിലുമൊക്കെ മുന്നോട്ടുവരാനുണ്ടെന്ന പ്രതീക്ഷ.

Exit mobile version