രക്ഷിതാക്കള്‍ ഫ്‌ളാറ്റില്‍ ഉറക്കത്തില്‍, കെട്ടിടത്തില്‍ നിന്നും താഴേക്ക് വീണ് ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

ഷാര്‍ജ: കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നു വീണ് മലയാളി ദമ്പതികളുടെ മകള്‍ക്ക് ഷാര്‍ജയില്‍ ദാരുണാന്ത്യം. എറണാകുളം പെരുമ്പാവൂര്‍ വേങ്ങൂര്‍ സ്വദേശി ബിനു പോള്‍മേരി ദമ്പതികളുടെ മകള്‍ സമീക്ഷ പോളാണ് കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചത്. പതിനഞ്ച് വയസ്സായിരുന്നു.

അല്‍താവൂനിലെ ഫ്‌ളാറ്റില്‍ രക്ഷിതാക്കളും ഇരട്ട സഹോദരി മെറിഷ് പോളും ഉറങ്ങുന്ന സമയത്തായിരുന്നു അപകടം. കെട്ടിടത്തില്‍ നിന്നും കുട്ടി വീഴുന്നത് കണ്ടവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്ത് പാരാമെഡിക്കല്‍ വിഭാഗവുമായെത്തിയ പൊലീസ് രക്ഷാപ്രവര്‍ത്തനം നടത്തി.

എന്നാല്‍ വീഴ്ച്ചയില്‍ തന്നെ കുട്ടി മരിച്ചിരുന്നു. കുട്ടി കെട്ടിടത്തില്‍ നിന്നും താഴേക്ക് വീണ വിവരം രക്ഷാതിക്കള്‍ അറിഞ്ഞിരുന്നില്ല. ഒടുവില്‍ പൊലീസാണ് അപകടവിവരം രക്ഷിതാക്കളെ വിളിച്ചറിയിച്ചത്. കുട്ടിയുടെ മരണം സംബന്ധിച്ച് ഷാര്‍ജ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

അജ്മാനിലെ സ്‌കൂളില്‍ പഠിക്കുന്ന സമീക്ഷ പത്താം ക്ലാസിലേക്ക് പ്രവേശനം നേടിയിരുന്നു. യാതൊരു മാനസിക പ്രശ്‌നങ്ങളും ഇല്ലായിരുന്നുവെന്നും പതിവുപോലെ ഉറങ്ങാന്‍ കിടന്നതായിരുന്നുവെന്നും മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞു. ദുബൈയിലെ കമ്പനിയില്‍ പ്രവര്‍ത്തിക്കുന്ന ബിനു പോളിെന്റ കുടുംബം അബൂദബിയില്‍ നിന്ന് അടുത്തിടെയാണ് ഷാര്‍ജയില്‍ താമസമാക്കിയത്. മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുന്നു.

Exit mobile version