അബുദാബി സസ്റ്റെയ്‌നബിലിറ്റി ലീഡർ പുരസ്‌കാരം കരസ്ഥമാക്കി എംഎ യൂസഫലി; പുരസ്‌കാരം ലഭിക്കുന്ന അറബ് വംശജനല്ലാത്ത ഏക വ്യക്തി

അബുദാബി: ഈ വർഷത്തെ അബുദാബി സസ്റ്റെയിനബിലിറ്റി ലീഡർ പുരസ്‌കാരം പ്രമുഖ മലയാളി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എംഎ യൂസഫലിക്ക്. അബുദാബി പരിസ്ഥിതി വകുപ്പിന്റെ കീഴിലുള്ള അബുദാബി സസ്റ്റെയിനബിലിറ്റി ഗ്രൂപ്പാണ് വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കാനായി പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത്. സുസ്ഥിരതയുടെ മികച്ചതും നൂതനവുമായ സമ്പ്രദായങ്ങൾ നടപ്പിലാക്കുന്നതും സുസ്ഥിര മാനേജ്‌മെന്റ് നടപടികളുടെ പ്രയോജനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമാണ് പുരസ്‌കാരം.

പുരസ്‌കാരം ലഭിച്ച അറബ് പൗരനല്ലാത്ത ഏക വ്യക്തിയും എംഎ യൂസഫലിയാണ്. അബുദാബി നാഷണൽ ഓയിൽ കമ്പനിയിലെ ഷൈമ അൽ മസ്രോയിക്കും പുരസ്‌കാരത്തിനർഹയായിട്ടുണ്ട്. അബുദാബി പോർട്ട്, അബുദാബി നാഷണൽ എക്‌സിബിഷൻ കമ്പനി, ഡോൾഫിൻ എനർജി, ബോറോഗ് എന്നിവരാണ് വിവിധ മേഖലകളിൽ പുരസ്‌കാരം ലഭിച്ച മറ്റ് സ്ഥാപനങ്ങൾ.

അബുദാബി സസ്റ്റെയിനബിലിറ്റി പുരസ്‌കാരം നേടിയ വ്യക്തികളെയും സ്ഥാപനങ്ങളെയും അഭിനന്ദനം അറിയിക്കുന്നുവെന്ന് അബുദാബി പരിസ്ഥിതി വകുപ്പ് ഡയറക്ടർ ജനറൽ ഡോക്ടർ ശൈഖ സാലെം അൽ ദാഹെരി പറഞ്ഞു.

Exit mobile version