ചെറുതായൊന്നു മയങ്ങിപ്പോയി, വീസ റദ്ദാക്കി നാട്ടിലേക്ക് പുറപ്പെട്ടയാളെ കൂട്ടാതെ വിമാനം പറന്നു, പുറത്തിറങ്ങാനാവാതെ ദുബായിയിലെ വിമാനത്താവളത്തില്‍ കുടുങ്ങി മലയാളി

ദുബായ്: വിമാനത്താവളത്തില്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് വീസ റദ്ദാക്കി നാട്ടിലേയ്ക്ക് പുറപ്പെട്ട മലയാളിക്ക് യാത്ര തുടരാനായില്ല. തിരുവനന്തപുരം കാട്ടാക്കട അഹദ് മന്‍സിലില്‍ പി.ഷാജഹാനാ(53)ണ് ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ കുടുങ്ങിയത്.

വ്യാഴാഴ്ചയാണ് സംഭവം. ബുധനാഴ്ചയാണ് കെഎംസിസി ഏര്‍പ്പെടുത്തിയ ഷാജഹാന്‍ യാത്ര ഉറപ്പാക്കിയത്. ടാക്‌സി പിടിച്ച് കൃത്യസമയത്ത് തന്നെ ദുബായ് രാജ്യാന്തര വിമാനത്താവളം ടെര്‍മിനല്‍3 ലെത്തുകയും ചെയ്തു. ഉച്ചയ്ക്ക് 2ന് വിമാനത്തവളത്തില്‍ കോവിഡ്19 റാപിഡ് പരിശോധന നടത്തി ചെക്ക് ഇന്‍ ചെയ്ത ശേഷം കാത്തിരിക്കുകയായിരുന്നു.

അതിനിടെ ഉറക്കത്തിലേക്ക് വഴുതി വീണു. നാലരവരെ ഷാജഹാന്‍ സുഖമായി ഉറങ്ങി. വിമാനം ടെയ്ക്ക് ഓഫ് ചെയ്യുന്നതിന് മുന്‍പ് അധികൃതര്‍ അദ്ദേഹത്തെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് ഷാജഹാനെ കൂടാതെ വിമാനം പറന്നു. ഷാജഹാന്‍ ഉറക്കത്തില്‍ നിന്നെഴുന്നേറ്റപ്പോഴേക്കും വിമാനം നാടുവിട്ടിരുന്നു.

നിരാശയോടെ വിമാനത്താവളത്തില്‍ തന്നെ നില്‍ക്കാനേ ഇദ്ദേഹത്തിന് സാധിച്ചുള്ളൂ. വീസ റദ്ദാക്കിയതിനാല്‍ വിമാനത്താവളത്തില്‍ നിന്നു പുറത്തിറങ്ങാന്‍ സാധിക്കുകയില്ല. ലഘു ഭക്ഷണം കഴിച്ച് വിമാനത്താവളത്തില്‍ തന്നെ കഴിയുകയാണ് ഷാജഹാന്‍ .

ഇദ്ദേഹത്തിന് ഇനി ഇന്നു വൈകിട്ടോ നാളയോ മാത്രമേ യാത്ര ചെയ്യാനാകൂ. ഇന്ന് ഏതെങ്കിലും വിമാനത്തില്‍ നാട്ടിലേയ്ക്ക് പോകാനുള്ള ശ്രമം നടത്തുന്നുണ്ട്. ചെറിയൊരു അശ്രദ്ധയാണ് ഷാജഹാനെ വിമാനത്താവളത്തില്‍ തന്നെ കുടുക്കിയത്.

Exit mobile version