കോവിഡ് കാരണം ജോലിയടക്കം നഷ്ടപ്പെട്ട് കഴിയവെ തേടിയെത്തിയത് ഭാഗ്യദേവത, നൗഫലിനും കൂട്ടുകാര്‍ക്കും ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ 30 കോടി സ്വന്തം

അബുദാബി : വീണ്ടും ദുബായിയില്‍ ഭാഗ്യം തെളിയിച്ച് മലയാളികള്‍. അബുദാബി ഡ്യൂട്ടിഫ്രീ ബിഗ്ടിക്കറ്റ് ബമ്പര്‍ സമ്മാനമായ 15 ദശലക്ഷം ദിര്‍ഹം കണ്ണൂര്‍ കൂത്തുപറമ്പ് മൂരിയാട് സ്വദേശി നൗഫല്‍ മായന്‍ കളത്തിലിനും കൂട്ടുകാര്‍ക്കും സ്വന്തം. ഇത് ഏകദേശം 30.5 കോടി രൂപ വരും.

ജൂണ്‍ 25-ന് നൗഫലും സുഹൃത്തുക്കളായ 20 പേരും ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് ഒന്നാംസമ്മാനം ലഭിച്ചത്. 101341 എന്ന നമ്പറിലുള്ള ടിക്കറ്റിനെയാണ് ഭാഗ്യം തേടിയെത്തിയത്. നൗഫലും സുഹൃത്തുക്കളും ചേര്‍ന്ന് പതിവായി ടിക്കറ്റെടുക്കാറുണ്ടായിരുന്നു. ഒരുവര്‍ഷം ആറു ടിക്കറ്റ് വരെയാണ് ഇവരെടുക്കാറുള്ളത്.

ബിഗ് ടിക്കറ്റിന്റെ നറുക്കെടുപ്പ് ഓണ്‍ലൈനായി നൗഫലും കാണുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഫോണ്‍ ലഭിച്ചപ്പോള്‍ സംശയമേതും ഇല്ലായിരുന്നെന്ന് നൗഫല്‍ പറഞ്ഞു. ഭാര്യയാണ് ടിക്കറ്റ് നമ്പര്‍ തിരഞ്ഞെടുത്തത്. ആ സമയം ടിക്കറ്റ് നമ്പറിനെക്കുറിച്ച് ഭാര്യയുമായി വഴക്കിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു- നൗഫല്‍ പറഞ്ഞു.

കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭാവി സുരക്ഷിതമാക്കുന്നതിനുംവേണ്ടി തുകയുപയോഗിക്കാനാണ് നൗഫലിന്റെ തീരുമാനം. ദുബായില്‍ ഭാര്യക്കും രണ്ടുമക്കള്‍ക്കുമൊപ്പം കഴിയുന്ന നൗഫല്‍ 2005 മുതല്‍ യു.എ.ഇ.യില്‍ പെട്രോളിയം ഡ്രില്ലിങ് കമ്പനിയില്‍ ജോലിചെയ്തുവരികയാണ്.

ഭാഗ്യവാന്മാരായ ഇരുപതുപേരില്‍ ജോലി അനിശ്ചിതത്വത്തിലായവരും സന്ദര്‍ശക വിസയിലെത്തിയവരും ഉള്‍പ്പെടുമെന്ന് ഇവരിലൊരാളായ കണ്ണൂര്‍ സ്വദേശി ജലീല്‍ പറഞ്ഞു. മലയാളികള്‍ക്ക് പുറമെ ഒരു യു.പി. സ്വദേശിയും ചെന്നൈ സ്വദേശിയുമുണ്ട് സംഘത്തില്‍. എല്ലാവരെയും ഒരുമിച്ച് കാണാന്‍ ഇതുവരെയായിട്ടില്ല. എങ്കിലും ഇതിലൂടെ ഇരുപത് വീടുകളിലാണ് സന്തോഷം നിറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version