അബുദാബി ബിഗ് ടിക്കറ്റിലൂടെ 22 ലക്ഷം നേടി കേരളത്തിലെ വീട്ടമ്മ; സ്ഥിരമായി ടിക്കറ്റെടുക്കുന്ന കഫ്റ്റീരിയ ജീവനക്കാരനും ഒടുവിൽ സമ്മാനമെത്തി!

അബുദാബി: വീണ്ടും അബുദാബി ബിഗ് ടിക്കറ്റിലൂടെ ലക്ഷങ്ങൾ കൊയ്ത് മലയാളികൾ. ബിഗ് ടിക്കറ്റ് ഗ്യാരന്റീഡ് വീക്കിലി ഇ-ഡ്രോ നറുക്കെടുപ്പിൽ കേരളത്തിൽ താമസിക്കുന്ന വീട്ടമ്മ ഒരു ലക്ഷം ദിർഹം സമ്മാനം നേടി. 79 കാരിയായ സികെ പത്മാവതിയാണ് 22 ലക്ഷത്തിലേറെ ഇന്ത്യൻ രൂപയുടെ സമ്മാനത്തിന് അർഹയായത്.

ഈ സമ്മാനത്തുക നാലുപേരുമായി പങ്കിടാനാണ് പത്മാവതി അമ്മയുടെ തീരുമാനം. സികെ പത്മാവതിയടക്കം 3 പേർക്കാണ് ഇത്തവണ ഒരു ലക്ഷം ദിർഹം സമ്മാനമടിച്ചത്. ബിഗ് ടിക്കറ്റിൽ കോടികൾ നേടുന്നവരെ കുറിച്ചുള്ള വാർത്തകൾ കണ്ടാണ് 2017 മുതൽ സികെ പത്മാവതി 4 കൂട്ടുകാരികളോടൊപ്പം ബിഗ് ടിക്കറ്റെടുക്കാൻ ാരംഭിച്ചത്.,

അതേസമയം, ഇപ്രാവശ്യം അവസാന നിമിഷമാണ് താൻ ടിക്കറ്റെടുത്തതെന്ന് പത്മാവതി സന്തോഷ വിവരം അറിയിക്കാൻ വിളിച്ച ബിഗ് ടിക്കറ്റ് അധികൃതരോട് പറഞ്ഞു. സമ്മാനത്തുക കൊണ്ട് തന്റെ വീടിന്റെ അറ്റകുറ്റപ്പണികളൊക്കെ പൂർത്തിയാക്കണമെന്നാണ് ഇവരുടെ ആഗ്രഹം.

വീക്ക്‌ലി നറുക്കെടുപ്പിൽ ആകെ 23 പേരാണ് വിജയികളായത്. 20 പേർക്ക് 10,000 ദിർഹം വീതം സമ്മാനം ലഭിച്ചിട്ടുണ്ട്. ഇവർ ഇന്ത്യ, ലബനൻ, ശ്രീലങ്ക, ബംഗ്ലാദേശ് സ്വദേശികളാണെന്ന് അധികൃതർ അറിയിച്ചു.

ദുബായിൽ താമസിക്കുന്ന ഇന്ത്യക്കാരൻ ഗൗതം ബസു(64)വാണ് ഒരു ലക്ഷം ദിർഹം സമ്മാനം നേടിയ മറ്റൊരു വിജയി. കഴിഞ്ഞ 25 വർഷമായി യുഎഇയിൽ സ്വന്തമായി ബിസിനസ് നടത്തുകയാണ് ഇദ്ദേഹം. 2 വർഷമായി സ്ഥിരമായി ടിക്കറ്റെടുക്കാറുണ്ടെന്ന് ഗൗതം പറയുന്നു. സമ്മാനത്തുക തന്റെ ബിസിനസ് വിപുലീകരിക്കാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.

കഴിഞ്ഞ 5 വർഷമായി ദുബായിൽ കഫ്റ്റീരിയ നടത്തുന്ന മലയാളി യുവാവ് മുഹമ്മദ് ഷമീർ(28) ആണ് മറ്റൊരു വിജയി. കഴിഞ്ഞ രണ്ട് വർഷമായി 14 സുഹൃത്തുക്കളുമായി ചേർന്ന് എല്ലാ മാസവും ബിഗ് ടിക്കറ്റെടുക്കാറുണ്ട് ഇദ്ദേഹം.

Exit mobile version