കൊറോണ; ചികിത്സയില്‍ കഴിയുകയായിരുന്ന കോഴിക്കോട് സ്വദേശിക്ക് ദുബായിയില്‍ ദാരുണാന്ത്യം

ദുബായി: കൊറോണ വൈറസ് ബാധിച്ച് ഒരു മലയാളി കൂടി പ്രവാസ ലോകത്ത് മരിച്ചു. കോഴിക്കോട് പന്നിയങ്കര സറീന മന്‍സിലില്‍ മൊയ്തീന്‍ കോയയാണ് വൈറസ് ബാധിച്ച് ദുബായിയില്‍ മരിച്ചത്. കൊറോണ പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.

58 വയസ്സായിരുന്നു. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇദ്ദേഹം ചികിത്സയില്‍ കഴിയുകയായിരുന്നു. അതിനിടെയാണ് ആരോഗ്യനില വഷളായത്. തുടര്‍ന്ന് റാസല്‍ഖൈമയിലെ ആശുപത്രിയില്‍ നിന്ന് ദുബൈ ആശുപതിയിലേക്ക് മാറ്റുകയായിരുന്നു.

ഇവിടെ തീവ്രപരിചരണവിഭാഗത്തില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. റാസല്‍ഖൈമയില്‍ ഹൗസ് ഡ്രൈവര്‍ ആയിരുന്നു. ഭാര്യ: സാഹിറ. മക്കള്‍: ജവാദ് (ഒമാന്‍), ഫിനാന്‍. മരുമകള്‍: നാജിയ. ഇതോടെ ഗള്‍ഫില്‍ കൊറോണ ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 201 ആയി.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടും ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനോടകം മലയാളികളടക്കം നിരവധി പേരാണ് വൈറസ് ബാധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ചുവീണത്.

Exit mobile version