സൗദിയില്‍ മാസ്‌കില്ലാതെ പുറത്തിറങ്ങിയാല്‍ ആയിരം റിയാല്‍ പിഴ

റിയാദ്: സൗദിയില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് ആയിരം റിയാല്‍
പിഴ. രണ്ടാം തവണയും മാസ്‌കില്ലാതെ പിടികൂടിയാല്‍ പിഴ ഇരട്ടിയാകും.സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ നാളെ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കെയാണ് പുതിയ നിര്‍ദ്ദേശങ്ങള്‍. രോഗ പ്രതിരോധ നടപടികളുടെ ഭാഗമായാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

ഇത് പ്രകാരം പുറത്തിറങ്ങുന്ന വ്യക്തികള്‍ മുഖവും വായും ആവരണം ചെയ്യുന്ന രീതിയില്‍ മാസ്‌ക് ധരിക്കാതിരിക്കുന്നത് പിഴയൊടുക്കേണ്ട ശിക്ഷയായി പരിഗണിക്കും.
ഷോപ്പിംഗ് സെന്ററുകള്‍ മാളുകള്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കുമ്പോള്‍ ശരീരോഷ്മാവ് പരിശോധിക്കുന്നത് തടയുക, പരിശോധനയില്‍ കൂടിയ താപനില രേഖപ്പെടുത്തിയാല്‍ തുടര്‍ പരിശോധനക്കുള്ള നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുക എന്നിവയും ആയിരം റിയാല്‍ വരെ പിഴ ലഭിക്കാവുന്ന കുറ്റമായി പരിഗണിക്കും.

നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സ്ഥാപനങ്ങളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള നിര്‍ദ്ദേശങ്ങള്‍ പാലിച്ചിരിക്കണം. സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് മുമ്പ് ശരീരോഷ്മാവ് പരിശോധിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തുക, നിശ്ചിത ഇടങ്ങളില്‍ സാനിറ്റൈസര്‍ ലഭ്യമാക്കുക, ജീവനക്കാര്‍ മാസ്‌കും കയ്യുറയും ധരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍. ഇവ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പതിനായിരം റിയാല്‍ വരെ പിഴ ചുമത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പില്‍ പറയുന്നു.

Exit mobile version