കൊറോണ; ചികിത്സയില്‍ കഴിയുകയായിരുന്ന ആലപ്പുഴ സ്വദേശി സൗദിയില്‍ മരിച്ചു

റിയാദ്: കൊറോണ വൈറസ് ബാധിച്ച് സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ ഓച്ചിറ കൃഷ്ണപുരം സ്വദേശി ബാബു തമ്പിയാണ് മരിച്ചത്. 48 വയസായിരുന്നു. കൊറോണ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.

കൊറോണ ലക്ഷണങ്ങളോടെ രണ്ടാഴ്ച് മുമ്പാണ് ഇദ്ദേഹം ദമ്മാം ജുബൈല്‍ മുവാസാത്ത് ഹോസ്പിറ്റലില്‍ ചികിത്സ തേടിയെത്തിയത്. പിന്നീട് വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

പരിശോധനാ ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സ തുടരുന്നതിനിടെ ഗുരുതരാവസ്ഥയിലാവുകയായിരുന്നുവെന്നും അഞ്ച് ദിവസത്തോളമായി തീവ്രപരിചരണ വിഭാഗത്തിലാണ് കഴിഞ്ഞിരുന്നതെന്നും അധികൃതര്‍ പറയുന്നു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പത്ത് വര്‍ഷമായി ജുബൈലില്‍ മിനിവാന്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ബാബു തമ്പി. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്നതാണ് കുടുംബം. ഇതോടെ കൊറോണ വൈറസ് ബാധിച്ച് സൗദിയില്‍ മരണപ്പെടുന്ന മലയാളികളുടെ എണ്ണം 29 ആയി.

Exit mobile version