കൊവിഡ് 19; ഗള്‍ഫില്‍ വൈറസ് ബാധിതരുടെ എണ്ണം കൂടുന്നു, മരണ സംഖ്യ 777 ആയി, പെരുന്നാള്‍ ഒത്തുചേരലുകള്‍ക്ക് കര്‍ശന വിലക്ക്

ദുബായ്: ഗള്‍ഫില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇന്നലെ 22 പേരാണ് ഗള്‍ഫില്‍ വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണ സംഖ്യ 777 ആയി ഉയര്‍ന്നു. 6500ത്തോളം പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തി അറുപത്തിരണ്ടായിരം പിന്നിട്ടു. വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ പെരുന്നാളിന്റെ ഭാഗമായുള്ള എല്ലാ ഒത്തുചേരലുകള്‍ക്കും കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത്. കഴിഞ്ഞ ദിവസം പത്ത് മരണമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 351 ആയി ഉയര്‍ന്നു. 65,000ത്തിലധികം പേര്‍ക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. കുവൈറ്റില്‍ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 129 ആയി ഉയര്‍ന്നു. കുവൈറ്റില്‍ വൈറസ് ബാധിതരുടെ എണ്ണം 18000 കവിഞ്ഞു.

ഖത്തറില്‍ പുതുതായി 1554 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 31,000 കടന്നു. യുഎഇയില്‍ കഴിഞ്ഞ ദിവസം 894 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 26,000 കവിഞ്ഞു. അതേസമയം ഗള്‍ഫില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിച്ചത് ചെറിയൊരു ആശ്വാസം നല്‍കുന്നുണ്ട്. ഇതുവരെ അറുപത്തി ആറായിരം പേരാണ് രോഗമുക്തി നേടിയത്.

Exit mobile version