കൊറോണ; കുവൈറ്റില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി മരിച്ചു

കുവൈറ്റ് സിറ്റി: കൊറോണ വൈറസ് ബാധിച്ച് കുവൈറ്റില്‍ ഒരു മലയാളി കൂടി മരിച്ചു. കാസര്‍കോട് കുമ്പള സ്വദേശി മുഹമ്മദ് അബൂബക്കര്‍ ഷിറിയ ( 57) ആണ് മരിച്ചത്. കൊറോണ സ്ഥിരീകരിച്ചതോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.

മെയ് 11 നാണ് കൊറോണ ലക്ഷണങ്ങളോടെ മുഹമ്മദ് അബൂബക്കര്‍ ഷിറിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊറോണ സ്ഥിരീകരിച്ചതോടെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നതിനിടെ ഫര്‍വാനിയ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കുവൈറ്റ് വിമാനത്താവളത്തില്‍ ‘റെന്റ് എ കാര്‍’ കമ്പനിയിലായിരുന്നു ജോലി.

മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരേതരായ അബ്ദുല്‍ ഗഫൂര്‍ മമ്മിയുടെയും ഖദീജയുടെയും മകനാണ്. ഫാത്തിമത് സുഹ്‌റയാണ് ഭാര്യ. മക്കള്‍: മുഹമ്മദ് അബ്നാസ്, മുഹമ്മദ് അബ്റാസ്, ഖദീജ. സഹോദരങ്ങള്‍ മഹമൂദ് ( സൗദി അറേബ്യ), ആയിഷ, നഫീസ.

പടര്‍ന്നുപിടിച്ച കൊറോണ പ്രതിരോധിക്കാന്‍ എത്ര പരിശ്രമിച്ചിട്ടും ഗള്‍ഫ് രാജ്യങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല. ദിനംപ്രതി രോഗികളുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയരുകയാണ്. നിരവധി പ്രവാസി മലയാളികളാണ് ഇതിനോടകം കൊറോണ ബാധിച്ച് ഗള്‍ഫ് നാടുകളില്‍ മരിച്ചത്.

Exit mobile version