സാമ്പത്തിക പ്രതിസന്ധി: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിയ്ക്കാനൊരുങ്ങി സൗദി, വാറ്റ് നികുതി മൂന്നിരട്ടിയാക്കി

റിയാദ്: കോവിഡ് പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കട്ട് ചെയ്യാനൊരുങ്ങി സൗദി ഭരണകൂടം. അടുത്ത മാസം മുതല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം തടയും. ഇത് സാധാരണക്കാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഉണ്ടാക്കുന്ന പ്രതിസന്ധി വലുതാണ്. രാജ്യത്ത് ബഹുഭൂരിപക്ഷം വരുന്ന യുവാക്കള്‍ക്ക് ഇത് വിഷമവും സൃഷ്ടിച്ചിട്ടുണ്ട്. മൂന്നില്‍ രണ്ട് സൗദി പൗരന്മാര്‍ക്കും സര്‍ക്കാര്‍ ജോലിയാണുള്ളത്.

രാജ്യത്തെ വാറ്റ് നികുതി മൂന്നിരട്ടിയാക്കി. വാറ്റ് നികുതി മൂന്നിരട്ടി വര്‍ദ്ധിക്കുന്നതോടെ ആഡംബരത്തോടെയുള്ള സൗദിയിലെ നിര്‍മ്മാണങ്ങള്‍ക്ക് ചിലവ് കുത്തനെ കൂടും.
എണ്ണ വില അന്താരാഷ്ട്ര വിപണിയില്‍ കുത്തനെ കുറഞ്ഞതിലൂടെയുണ്ടായ കടുത്ത സാമ്പത്തിക ക്ഷീണവും മാറ്റാനുള്ള വഴികള്‍ തേടുകയാണ് സൗദി.

2003 നും 2014നുമിടയിലെ കാലത്ത് എണ്ണവില അന്താരാഷ്ട്ര വിപണിയില്‍ ഉയരങ്ങള്‍ താണ്ടിയ കാലത്തെ ഇന്ന് സൗദി പൗരന്മാര്‍ ഗൃഹാതുരത്വത്തോടെയാണ് ഓര്‍ക്കുന്നത്. നികുതിയേറിയതിനാല്‍ രാജ്യത്ത് കാറുകളും ഗൃഹോപയോഗ സാധനങ്ങള്‍ മുതല്‍ എല്ലാത്തിലും വില്‍പനയില്‍ ഇടിവ് പ്രവചിക്കുന്ന ഈ കാലഘട്ടത്തില്‍ ഇനിമുതല്‍ പാരിതോഷികങ്ങള്‍ ഭരണകൂടം നല്‍കുന്നത് കുറയാനാണ് സാധ്യത.

രാജ്യത്തിന്റെ പ്രധാനവരുമാനമായ എണ്ണ വിപണിയിലെ ഇടിവും കോവിഡ് മൂലമുണ്ടായ ലോക്ഡൗണും രാജ്യത്തിന്റെ വരുമാനത്തിനേല്‍പിച്ച ബുദ്ധിമുട്ട് ചില്ലറയല്ല. ഇത്തരം നടപടികള്‍ എണ്ണയെ മാത്രം ആശ്രയിച്ചിരിക്കുന്ന സൗദി വിപണിയെ മാറ്റിയെടുക്കാനുള്ള മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ‘വിഷന്‍ 2030’ പദ്ധതിയുടെ ഭാഗമാണെന്ന് ‘ഓകാസ് ദിനപത്രം’ റിപ്പോര്‍ട്ട് ചെയ്യുന്നു.

Exit mobile version