കുവൈത്തില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാം; വാഗ്ദാനവുമായി കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തിലുളള ഇന്ത്യക്കാരെ സ്വന്തം ചെലവില്‍ ഇന്ത്യയിലെത്തിക്കാമെന്ന് കുവൈത്ത്. കുടുങ്ങിക്കിടക്കുന്നവര്‍, പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍, തൊഴിലാളികള്‍ എന്നിവരെയാണ് എത്തിക്കുക. ഇക്കാര്യം സംബന്ധിച്ച കത്ത് ഇന്ത്യയിലെ കുവൈത്ത് സ്ഥാനപതി ജാസിം അല്‍ നജീം വിദേശകാര്യ മന്ത്രാലയത്തിന് നല്‍കി.

ഇന്ത്യയില്‍ കുടുങ്ങിയ കുവൈത്ത് പൗരന്മാരെ ദിവസങ്ങള്‍ക്കുമുമ്പ് കുവൈത്ത് എയര്‍വെയ്‌സ് വഴി തിരിച്ചയച്ചിരുന്നു. ഒപ്പം 15 മെഡിക്കല്‍ സംഘവും മെഡിക്കല്‍ ഉപകരണങ്ങളും അയച്ചിരുന്നു. ഇതിന് നന്ദി അറിയിച്ച കത്തിനൊപ്പമാണ് ഇന്ത്യക്കാരെ എത്തിക്കുന്ന കാര്യം കുവൈത്ത് സ്ഥാനപതി ജാസിം അല്‍ നജീം ഇന്ത്യയെ അറിയിച്ചത്.

കൊവിഡ് ബാധിച്ച് കുവൈത്തില്‍ ഇതുവരെ എട്ട് പേരാണ് മരിച്ചത്. കുവൈത്തില്‍ 1997 ഇന്ത്യക്കാര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ദിനംപ്രതി നിരവധി ഇന്ത്യക്കാര്‍ക്കാണ് കുവൈത്തില്‍ രോഗം സ്ഥിരീകരിക്കുന്നത്. അതെസമയം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്ന് നേരത്തെ യുഎഇയും അറിയിച്ചിരുന്നു. എന്നാല്‍ പ്രവാസികളെ രണ്ട് ഘട്ടമായി എത്തിക്കാനാണ് കേന്ദ്ര നീക്കം. ഗള്‍ഫ് അടക്കമുള്ള 24 രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ ആദ്യഘട്ടത്തില്‍ എത്തിക്കും. ഇതിനായി വിമാനവും യുദ്ധക്കപ്പലുകളും സജ്ജമാക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

Exit mobile version