സൗദിയിലെ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ അടച്ചെന്ന വാര്‍ത്ത വ്യാജം; ലുലു ഗ്രൂപ്പ്

റിയാദ്: കോവിഡ് കാരണം സൗദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ അടച്ചെന്ന വാര്‍ത്ത വ്യാജമാണെന്ന് ലുലു ഗ്രൂപ്പ്. ജീവനക്കാരില്‍ ചിലര്‍ക്ക് കോവിഡ് ബാധിച്ചതിനാല്‍ എല്ലാ ബ്രാഞ്ചുകളും അടക്കുന്നു എന്ന തരത്തിലാണ് വാര്‍ത്ത പ്രചരിച്ചത്.

അല്‍ഹസയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് അണുമുക്തമാക്കുന്ന പ്രക്രിയയുടെ ഭാഗമായി രണ്ട് ദിവസത്തേക്ക് അടച്ചിട്ടിരുന്നു. ഇപ്പോള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുമുണ്ട്.
ഇതിന് പിന്നാലെയാണ് ഒരു മെയില്‍ കോപ്പിയോടൊപ്പം ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതിനാല്‍ എല്ലാ ബ്രാഞ്ചുകളും അടക്കുന്നു എന്ന തരത്തിലുള്ള വ്യാജ പ്രചാരണം.

സൗദിയില്‍ ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ ഏറ്റവും തുടക്കത്തില്‍ തന്നെ ആരോഗ്യ മന്ത്രാലയത്തിന്റെ ചട്ടപ്രകാരം കോവിഡ് പ്രതിരോധ നടപടി സ്വീകരിച്ചാണ് ലുലു ഗ്രൂപ്പിന്റെ എല്ലാ മാളുകളും പ്രവര്‍ത്തിക്കുന്നത്. ജീവനക്കാര്‍ക്കും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും എത്തുന്നവര്‍ക്കും ആരോഗ്യ മന്ത്രാലയത്തിന്റെ ചട്ടമനുസരിച്ചുള്ള സംവിധാനങ്ങള്‍ ലുലുവില്‍ നല്‍കുന്നുണ്ട്.

സാമൂഹിക അകലം സ്ഥാപനത്തില്‍ പാലിക്കുന്നുണ്ട്. ഉപഭോക്താവിന് കൈകളില്‍ അണുമുക്ത ലായനി നല്‍കി ഗ്ലൗസ് ധരിപ്പിച്ചാണ് അകത്തേക്ക് തുടക്കം മുതല്‍ പ്രവേശിപ്പിക്കുന്നത്. മന്ത്രാലയത്തിന്റെ ചട്ടപ്രകാരം ട്രോളികളും സ്ഥാപനങ്ങളും കൃത്യമായ ഇടവേളകളില്‍ അണുമുക്തമാക്കണം. ഇതും തുടക്കം മുതല്‍ സ്ഥാപനം പാലിക്കുന്നുണ്ട്.

ഇതിന് പുറമെ ജീവനക്കാരുടെ ആരോഗ്യ സുരക്ഷക്ക് കൃത്യമായ മാനദണ്ഡങ്ങളുണ്ടെന്നും ലുലു ഗ്രൂപ്പ് അറിയിച്ചു. ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ അവരെ പരിശോധനക്കും ക്വാറന്റൈനും വിധേയമാക്കും. വ്യാജപ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്നും ലുലു ഗ്രൂപ്പ് അഭ്യര്‍ഥിച്ചു.

മാളുകളിലെത്തുന്നവരുടെ തിരക്ക് കുറക്കുന്നതിനും ഉപഭോക്താക്കളുടെ സൗകര്യം മാനിച്ചും തുടക്കം മുതല്‍ ഓണ്‍ലൈന്‍ ഡെലിവറി സംവിധാനവും ലുലു ഗ്രൂപ്പ് തുടങ്ങിയിരുന്നു.

Exit mobile version