അയ്യായിരം പേര്‍ക്ക് തൊഴിലവസരം: തമിഴ്നാട്ടില്‍ 3,500 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി ലുലു ഗ്രൂപ്പ്

ചെന്നൈ: തമിഴ്നാട്ടില്‍ 3,500 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി ലുലു ഗ്രൂപ്പ്.
സംസ്ഥാനത്ത് വിവിധ മേഖലകളില്‍ നിക്ഷേപം നടത്തുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസുഫലി അറിയിച്ചു.

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ യുഎഇ സന്ദര്‍ശനത്തിനിടെയാണ് യൂസഫലിയുടെ പ്രഖ്യാപനം. തമിഴ്നാട്ടില്‍ രണ്ട് ഷോപ്പിങ് മാള്‍, കയറ്റുമതി ലക്ഷ്യത്തോടെയുള്ള ഭക്ഷ്യ സംസ്‌കരണ യൂനിറ്റ് എന്നിവ നിര്‍മിക്കാനാണ് ലുലു പദ്ധതിയിടുന്നത്.

യുഎഇയില്‍ ചതുര്‍ദിന സന്ദര്‍ശനത്തിനെത്തിയ സ്റ്റാലിന്‍ നിക്ഷേപക സംഗമം വിളിച്ചുചേര്‍ത്തിരുന്നു. ഇതിലാണ് എംഎ യൂസഫലി കോടികളുടെ നിക്ഷേപത്തിന് സന്നദ്ധത അറിയിച്ചത്.

രണ്ട് മാളുകളിലുമായി 5,000 പേര്‍ക്കാണ് തൊഴിലവസരം ലഭിക്കുകയെന്ന് യൂസഫലി പറഞ്ഞു. മാളുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും. നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് ഉടന്‍തന്നെ തമിഴ്നാട് സര്‍ക്കാരുമായി എംഒയുവില്‍ ഒപ്പുവയ്ക്കുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു.

തമിഴ്നാട്ടില്‍ 20,000 പേര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്ന എട്ട് ബില്യന്‍ ഡോളറിന്റെ നിക്ഷേപങ്ങളാണ് വരുന്നതെന്നും ഇതിനായി 124 കമ്പനികളുമായി കരാറില്‍ ഒപ്പുവച്ചിട്ടുണ്ടെന്നും എംകെ സ്റ്റാലിന്‍ പറഞ്ഞു. 2030ഓടെ ലക്ഷം കോടിയുടെ സമ്പദ്ഘടനയെന്ന ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു.

Exit mobile version