കോപം സ്‌നേഹത്തിന് വഴിമാറട്ടെ, മോഡിക്കെതിരെ ആഞ്ഞടിച്ച യുഎഇ രാജകുടുംബാംഗം ഒടുവില്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഏറ്റെടുത്തു ,വിമര്‍ശനങ്ങള്‍ക്ക് തല്‍ക്കാലം ഇടവേള

ദുബായി: കഴിഞ്ഞ ദിവസം വരെ ഇന്ത്യയ്‌ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്ന യുഎഇ രാജകുടുംബാംഗവും ലോക പ്രശസ്ത എഴുത്തുകാരിയുമായ ശൈഖ ഹിന്ദ് ഫൈസല്‍ അല്‍ ഖാസിമി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ട്വീറ്റ് ഏറ്റെടുത്തു. ഇന്ത്യയില്‍ ഇസ്ലാമോഫോബിയ വളര്‍ന്നുവരുന്നെന്ന ആശങ്കയില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്ന വ്യക്തിയായിരുന്നു ഫൈസല്‍ അല്‍ ഖാസിമി.

”ചെറിയ പെരുന്നാളോടെ ലോകത്ത് നിന്ന് കോവിഡ് മഹാമാരി ഇല്ലാതാക്കാന്‍ നമുക്ക് പ്രാര്‍ഥിക്കാം” എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റാണ് ശൈഖ ഹിന്ദ് ഫൈസല്‍ അല്‍ ഖാസിമി ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. ‘എല്ലാവര്‍ക്കും സമാധാനം ഉണ്ടാകട്ടെ, ഇന്ത്യക്കും ലോകത്തിനാകെയും റമസാന്‍ ആശംസകള്‍’ എന്ന കുറിപ്പോടെ ഈ ട്വീറ്റ് അവര്‍ ട്വിറ്ററില്‍ പങ്കുവെച്ചു.

കോപം സ്‌നേഹത്തിന് വഴിമാറട്ടെയെന്നായിരുന്നു മറ്റൊരു ട്വീറ്റിന് മറുപടിയായി അവര്‍ കുറിച്ചത്. മാന്‍ കി ബാത്ത് റേഡിയോ സംഭാഷണത്തിലായിരുന്നു റമസാനില്‍ കോവിഡ് ഒഴിയട്ടെ എന്ന പ്രത്യാശ മോഡി ആദ്യമായി പ്രകടിപ്പിച്ചത്. ഇതിന് പിന്നാലെ ട്വിറ്ററിലും ഇതേ ആശയം അദ്ദേഹം പങ്കുവെച്ചു.

ഇന്ത്യയില്‍ മുസ്ലിംകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളിലും വിദ്വേഷ പ്രചാരണങ്ങളിലും കടുത്ത അതൃപ്തിയറിയിച്ചും വിമര്‍ശനവുമായും ഫൈസല്‍ അല്‍ ഖാസിമി രംഗത്തെത്തിയിരുന്നു. യുഎഇ നിവാസികളും ഇന്ത്യക്കാരും തമ്മില്‍ ആര്‍ക്കും തകര്‍ക്കാനാവാത്ത ഒരു ബന്ധമാണ് ഉള്ളത്. അറബികളേക്കാള്‍ കൂടുതല്‍ ഇന്ത്യക്കാരെ കണ്ടാണ് വളര്‍ന്നതെന്നും അവര്‍ പറഞ്ഞിരുന്നു.

അതിനാല്‍ തന്നെ ഇന്ത്യാക്കാരോട് പ്രത്യേക അടുപ്പവും നിഷേധിക്കാനാവാത്ത ബന്ധവും ഞങ്ങളുടെ ഡിഎന്‍എയില്‍ തന്നെ നിലനില്‍ക്കുന്നുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ വളര്‍ന്നുവരുന്ന ഇസ്ലാമോഫോബിയ ഞങ്ങളെ ശരിക്കും ഞെട്ടിച്ചുവെന്നും അവര്‍ അഭിപ്പായപ്പെട്ടിരുന്നു. എന്നാല്‍ ഇതെല്ലാം മറന്നാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ട്വീറ്റ് ഏറ്റെടുത്ത് ഫൈസല്‍ അല്‍ ഖാസിമിയിപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

Exit mobile version