ഗൾഫ് രാജ്യങ്ങളിൽ മരണപ്പെടുന്ന പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ എംബസികൾക്ക് നിർദേശം നൽകണം: പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് 19 രോഗകാരണങ്ങളല്ലാതെ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ എടുക്കണമെന്ന് ഇന്ത്യൻ എംബസികൾക്ക് നിർദേശം നൽകണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. മൃതദേഹം നാട്ടിലെത്തിക്കുന്നതിലുള്ള തടസവും കാലതാമസവും ഒഴിവാക്കാൻ ഇന്ത്യൻ എംബസികൾക്ക് നിർദേശം നൽകണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

കൊവിഡ് അവലോകനയോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് പുറത്തുള്ള, രാജ്യത്തിന് പുറത്തുള്ള എല്ലാ മലയാളികളുടെ കാര്യത്തിലും അവരുടെ കുടുംബാംഗങ്ങളെ പോലെത്തന്നെ സർക്കാരിനും ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ സംസ്ഥാന സർക്കാരിന് ഇടപെടുന്നതിന് പരിമിതിയുണ്ട്. കേന്ദ്രസർക്കാർ മുഖേന മാത്രമേ സാധിക്കൂ. കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കുന്നതിന് തടസങ്ങളും പ്രയാസങ്ങളും നേരിടുന്നതായി ജിസിസി രാജ്യങ്ങളിലെ മലയാളി സംഘടനകളിൽ നിന്ന് ധാരാളം പരാതികൾ ലഭിക്കുന്നുണ്ട്. ലോക്ക്ഡൗണിനെ തുടർന്ന് അന്താരാഷ്ട്ര വിമാനസർവീസുകൾ നിർത്തിവെച്ചത് ഇപ്പോൾ തന്നെ ഗൾഫ് മലയാളികളെ വലിയ പ്രയാസത്തിലും കടുത്ത മാനസിക സംഘർഷത്തിൽ ആക്കിയിട്ടുണ്ടെന്നും അതിനിടയിലാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം കൂടി ഉടലെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൃതദേഹങ്ങൾ നാട്ടിലേക്ക് അയയ്ക്കുന്നതിന് ബന്ധപ്പെട്ട ഇന്ത്യൻ എംബസിയുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണം. ഇന്ത്യൻ എംബസികൾ ഇന്ത്യയിലെ കേന്ദ്ര ആഭ്യന്ത്രമന്ത്രാലയത്തിൽ നിന്ന് നോ ഒബ്ജക്ഷൻ പത്രം വേണമെന്ന് നിർബന്ധിക്കുകയാണ്. അന്താരാഷ്ട്ര വിമാനസർവീസുകൾ നിർത്തിയതിനാൽ ചരക്ക് വിമാനങ്ങളിലാണ് മൃതദേഹങ്ങൾ എത്തിച്ചിരുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ സർട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ മൃതദേഹങ്ങൾ അയയ്ക്കുന്നതിന് ക്ലിയറൻസ് നൽകാൻ ബന്ധപ്പെട്ട എംബസികൾക്ക് നിർദേശം നൽകണം.

ഇക്കാര്യത്തിലുളള നൂലാമാലകൾ ഒഴിവാക്കി മൃതദേഹങ്ങൾ താമസമില്ലാതെ നാട്ടിലെത്തിക്കാനും കുടുംബാംഗങ്ങൾക്ക് അന്ത്യകർമ്മങ്ങൾ നടത്താനും സൗകര്യമൊരുക്കണമെന്നും സംസ്ഥാനം പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.

Exit mobile version