പ്രവാസികളുടെ മൃതദേഹത്തെ പോലും അനാഥമാക്കി കേന്ദ്ര സർക്കാർ; വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ മാർഗനിർദേശം പുറത്തിറക്കാതെ വഞ്ചിക്കുന്നെന്ന് പരാതി

ദുബായ്: വിദേശത്ത് വെച്ച് മരണം സംഭവിക്കുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് കൃത്യമായ മാർഗ്ഗനിർദേശം പുറപ്പെടുവിക്കാതെ കേന്ദ്ര സർക്കാർ. ഇതോടെ, യുഎഇയിലെ റാസൽ ഖൈമയിൽ മരിച്ച കായംകുളം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാനാവാതെ ബന്ധുക്കളും സുഹൃത്തുക്കളും കണ്ണീരിലുമായി. മൃതദേഹം നാട്ടിലെത്തിക്കാനാകില്ലെന്ന് എമിഗ്രേഷൻ അധികൃതർ അറിയിക്കുകയായിരുന്നു.

റാസൽ ഖൈമയിൽ ഈ മാസം 20ന് മരിച്ച കായംകുളം സ്വദേശി ഷാജി ഭവനിൽ ഷാജിലാലിന്റെ മൃതദേഹമാണ് നാട്ടിലെത്തിക്കാനാകാതെ പോയത്. നടപടികൾ പൂർത്തിയാക്കി ഷാജി ലാലിന്റെ മൃതദേഹം ഇന്ന് രാവിലെ 11.30ന് കാർഗോ വിമാനത്തിൽ കൊച്ചിയിലേക്ക് അയയ്ക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിരുന്നു. എന്നാൽ എമിഗ്രേൻ വകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാൽ മൃതദേഹം കയറ്റി അയയ്ക്കാനാവാതെ ഇവർ മടങ്ങിപ്പോയി.

വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് നിർദേശങ്ങൾ ലഭിക്കാതെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാവില്ലെന്നാണ് വിമാനത്താവളത്തിലെത്തിയ ബന്ധുക്കളെ അധികൃതർ അറിയിച്ചത്. ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് നൽകിയ രേഖകൾ സഹിതമാണ് വിമാനത്താവളത്തിലെത്തിയതെന്ന് ഷാജി ലാലിന്റെ ബന്ധുക്കൾ പറയുന്നു.

മൃതദേഹങ്ങൾ വിമാനത്താവളങ്ങൾ വഴി കൊണ്ടുപോകുന്നതിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കൂടുതൽ നിർദ്ദേശങ്ങൾ ലഭിക്കാത്തതാണ് തടസ്സമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. വ്യക്തമായ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി ഉത്തരവിറങ്ങിയാൽ മാത്രമെ മൃതദേഹം വിമാനത്താവളം വഴി നാട്ടിലെത്തിക്കാൻ സാധിക്കുകയുള്ളൂ. ഇതോടെ ഷാജിലാലിന്റെ മരണവാർത്തയറിഞ്ഞ് തേങ്ങുന്ന കുടുംബത്തിന് കൂടുതൽ കണ്ണീരാവുകയാണ് ഈ നടപടി.

Exit mobile version