കൊവിഡ് 19; യുഎഇയില്‍ ഇന്ന് 479 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു, മരണം 41 ആയി

അബുദാബി: യുഎഇയില്‍ ഇന്ന് 479 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 6781 ആയി ഉയര്‍ന്നു. നാല് പേരാണ് ഇന്ന് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ വൈറസ് ബാധമൂലം യുഎഇയില്‍ മരിച്ചവരുടെ എണ്ണം 41 ആയി. ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയമാണ് ഈ വിവരം അറിയിച്ചത്.

ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള മൂന്നുപേരും ഒരു ഗള്‍ഫ് പൗരനുമാണ് വൈറസ് ബാധമൂലം മരിച്ചത്. അതേസമയം 98 പേര്‍ക്ക് ഇന്ന് കൊവിഡ് ഭേദമായി. രോഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ 1286 ആയി ഉയര്‍ന്നു. ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യ സ്ഥിതി ഗുരുതരമല്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.

അതേസമയം കൊവിഡ് 19 വൈറസിനെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ വന്‍ തുക പിഴ ചുമത്തുമെന്ന് യുഎഇ. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരില്‍ നിന്ന് 20,000 ദിര്‍ഹം (5500 ഡോളര്‍) വരെ പിഴ ഈടാക്കുമെന്നാണ് ദുബായ് മീഡിയ ഓഫീസ് അറിയിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന യുഎഇ കാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. ആരോഗ്യ മന്ത്രാലയത്തിന്റെയോ പ്രാദേശിക ആരോഗ്യ വിഭാഗം അധികൃതരുടെയോ അംഗീകാരമില്ലാത്ത മെഡിക്കല്‍ വിവരങ്ങള്‍ വ്യക്തികള്‍ പ്രസിദ്ധീകരിക്കാനോ പ്രചരിപ്പിക്കാനോ പാടില്ല. അധികൃതര്‍ പുറത്തുവിടുന്ന വിവരങ്ങള്‍ക്ക് വിരുദ്ധമായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ പിഴ ഈടാക്കും. സമൂഹത്തിന്റെ സുരക്ഷയും ആരോഗ്യവും കണക്കിലെടുത്താണ് ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്നാണ് മീഡിയാ ഓഫീസ് അറിയിച്ചത്.

Exit mobile version