കൊറോണ; രാത്രിയില്‍ പുറത്തിറങ്ങിയാല്‍ പതിനായിരം റിയാല്‍ പിഴ; വിലക്ക് ലംഘിക്കുന്നവര്‍ക്ക് ശിക്ഷ കടുപ്പിച്ച് സൗദി

റിയാദ്: സൗദി അറേബ്യയില്‍ 51 പേര്‍ക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ അസുഖ ബാധിതരുടെ എണ്ണം 562 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.പ്രതിരോധ നടപടികളുടെ ഭാഗമായി രാത്രികാലങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ക്കെതിരെ ശിക്ഷ നടപടി ശക്തമാക്കി.

സൗദിയില്‍ ഇതുവരെ 19 പേരാണ് ആകെ രോഗമുക്തി നേടിയത്. പുതുതായി രോഗം സ്ഥിരീകരിച്ച 51 കേസുകളില്‍ 25 കേസുകള്‍ സമ്പര്‍ക്കത്തിലൂടെ പടര്‍ന്നതും 26 കേസുകള്‍ വിദേശത്ത് നിന്ന് മടങ്ങിയത്തിയവര്‍ക്കുമാണ്. ഇന്ന് റിയാദില്‍ മാത്രം 18, മക്കയില്‍ 12, താഇഫില്‍ ആറ്, ബീഷയില്‍ അഞ്ച്, ദമ്മാമില്‍ 3, ഖത്തീഫില്‍ മൂന്ന്, ജിസാനില്‍ 2, നജ്‌റാനില്‍ 1, ഖുന്‍ഫുദയില്‍ ഒന്ന് എന്നിങ്ങിനെയാണ് പുതുതായി അസുഖം സ്ഥിരീകരിച്ചത്.

നിലവില്‍ ഗള്‍ഫ് മേഖലയില്‍ ഏറ്റവും കൂടുതല്‍ കൊറോണ് രോഗികളുള്ള രാജ്യമായി സൗദി അറേബ്യ മാറിയിരിക്കുകയാണ്. അതേസമയം രാജ്യത്ത് ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോറോണ വൈറസ് ബാധ കൂടുതല്‍ പേരില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികളും നിയന്ത്രണങ്ങളും ശക്തമാക്കിയിരിക്കുകയാണ്.

ഇന്ന് രാത്രി 7 മുതല്‍ കര്‍ഫ്യൂ പ്രാബല്യത്തില്‍ വന്നു. രാവിലെ ആറു മണിവരെയാണ് കര്‍ഫ്യൂ. ഇത് അടുത്ത 21 ദിവസം തുടരും. ഈ സമയ പരിധിക്ക് മുമ്പായി ആളുകള്‍ താമസ സ്ഥലത്ത് പ്രവേശിക്കണം. രാത്രി ഏഴു മണിക്ക് മുമ്പായി താമസ സ്ഥലത്ത് എത്തുന്ന ജനങ്ങള്‍ക്ക് പിറ്റേ ദിവസം രാവിലെ ആറു മണിക്കേ പുറത്തിറങ്ങാന്‍ സാധിക്കുകയുള്ളൂ.

എന്നാല്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് നിരത്തിലിറങ്ങാന്‍ കഴിയും. ഏഴ് മണിയോടെ കടകള്‍ അടക്കണമെന്നും രാത്രിയില്‍ തുറക്കുന്ന കടകള്‍ക്ക് മുന്നില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നതും നിയമ ലംഘനമാണെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

അതേസമയം മതിയായ രേഖകള്‍ കാണിച്ചാല്‍ കടകള്‍ തുറക്കാനും ഇ കൊമേഴ്‌സ്, ആരോഗ്യ, പാര്‍സല്‍, വെയര്‍ഹൌസ്, ഭക്ഷ്യ ചരക്കു വാഹനങ്ങള്‍, ഇതര ചരക്കു വാഹനമങ്ങള്‍ എന്നിവക്ക് നിരത്തിലിറങ്ങാനും ഇളവുണ്ട്. വിലക്ക് ലംഘിച്ചാല്‍ ആദ്യം പതിനായിരവും രണ്ടാം വട്ടവും ലംഘിച്ചാല്‍ ഇരുപതിനായിരം റിയാലുമാണ് പിഴ. പരമാവധി 20 ദിവസം ജയില്‍ ശിക്ഷയും ലഭിക്കും. വെള്ളം, ഭക്ഷണം, മരുന്ന്, ആശുപത്രി കേസുകള്‍ ഇതില്‍ നിന്നും ഒഴിവാക്കി കൊടുത്തിട്ടുണ്ട്.

Exit mobile version