കൊവിഡിനെ പിടിച്ചുകെട്ടാൻ സൗദിയിൽ തിങ്കളാഴ്ച മുതൽ 21 ദിവസത്തേക്ക് കർഫ്യൂ; സ്വദേശികളും പ്രവാസികളും പുറത്തിറങ്ങരുത്; കർശ്ശന നിർദേശം

റിയാദ്: സൗദി അറേബ്യയിലെ കൊവിഡ് 19 രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിനിടെ കടുത്ത നിയന്ത്രണങ്ങളുമായി സർക്കാർ. സൗദിയിൽ തിങ്കളാഴ്ച വൈകിട്ട് മുതൽ കർഫ്യൂ ഏർപ്പെടുത്തി ഉത്തരവായി. സൽമാൻ രാജാവാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. വൈകിട്ട് ഏഴ് മുതൽ പുലർച്ച ആറു വരെയാണ് കർഫ്യൂ. മാർച്ച് 23 മുതൽ അടുത്ത 21 ദിവസത്തേക്ക് കർഫ്യൂ തുടരും.

കൊറോണ വൈറസ് വ്യാപിക്കുന്നത് തടയുകയാണ് കർഫ്യൂവിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ഇതിനിടെ സൗദിയിൽ ഞായറാഴ്ച മാത്രം 119 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 511 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്ന സമയത്ത് സ്വന്തം സുരക്ഷയെ കരുതി പൗരന്മാരും താമസക്കാരും ഒരുപോലെ അവരുടെ വീടുകളിൽ തന്നെ തങ്ങാൻ മന്ത്രാലയം നിർദേശിച്ചു. പൊതുസ്വകാര്യ രംഗത്തെ സുപ്രധാന മേഖലകളിൽ പ്രവർത്തിക്കുന്നവരെ കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Exit mobile version