സൗദിയിൽ എത്തുന്ന മുഴുവൻ ആളുകൾക്കും 14 ദിവസം പുറത്തിറങ്ങുന്നതിന് വിലക്ക്; പ്രവാസികൾക്ക് 14 ദിവസത്തെ മെഡിക്കൽ ലീവ് അനുവദിക്കും

റിയാദ്: സൗദി അറേബ്യയിൽ കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് എത്തുന്ന മുഴുവനാളുകളും 14 ദിവസം താമസസ്ഥലങ്ങളിൽ തന്നെ പുറത്തിറങ്ങാതെ കഴിയണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. വെള്ളിയാഴ്ച മുതൽ ഈ നിയമം കർശനമായി നടപ്പാക്കി തുടങ്ങുകയും ചെയ്തു. വിവിധ രാജ്യങ്ങളിൽ നിന്ന് വരുന്ന എല്ലാവരും രാജ്യത്തേക്ക് പ്രവേശിച്ച തീയ്യതി മുതലാണ് 14 ദിവസം വീടുകളിൽ തന്നെ കഴിയേണ്ടത്. കോവിഡ് 19 വൈറസ് വ്യാപനം തടയാനുള്ള നടപടികളുടെ ഭാഗമായാണിത്.

തൊഴിലാളികളാണെങ്കിൽ അവർക്ക് തൊഴിലുടമകളിൽ നിന്ന് 14 ദിവസത്തെ മെഡിക്കൽ ലീവ് അനുവദിച്ചു കിട്ടുന്നതിനായുള്ള നടപടികൾ മന്ത്രാലയം സ്വീകരിക്കും. ലീവിന് അപേക്ഷിക്കാനുള്ള പ്രത്യേക ആപ്ലിക്കേഷൻ രണ്ടുദിവസത്തിനുള്ളിൽ മന്ത്രാലയം ഒരുക്കും. വിദേശത്തുനിന്ന് വരുന്നവർ ‘സിഹ്വത്തി’ എന്ന വെബ് പോർട്ടലിലാണ് ഇതിനുവേണ്ടി രജിസ്റ്റർ ചെയ്യേണ്ടത്. തിരിച്ചെത്തുന്ന തങ്ങളുടെ തൊഴിലാളികൾക്ക് അതത് കമ്പനികളും തൊഴിലുടമകളും നിയമാനുസൃതമായി മെഡിക്കൽ ലീവ് അനുവദിക്കണം.

നേരത്തെ 23 രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് മാത്രമായിരുന്നു ഈ ആനുകൂല്യം അനുവദിച്ചിരുന്നത്. ഫെബ്രുവരി 28നോ അതിന് ശേഷമോ ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഇറ്റലി, തുർക്കി, സിംഗപ്പൂർ, ഈജിപ്ത്, ഇറാഖ്, ലബനാൻ, സിറിയ, ഇറാൻ എന്നിവിടങ്ങളിൽ നിന്ന് വന്നവർക്കും മാർച്ച് എട്ടിനും അതിന് ശേഷവും ഫ്രാൻസ്, സ്‌പെയിൻ, ഇന്തോനേഷ്യ, സ്വിറ്റ്‌സർലാൻഡ്, ജർമനി എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്കും. മാർച്ച് 11നും അതിന് ശേഷവും ബ്രിട്ടൻ, ഓസ്ട്രിയ, ഡൻമാർക്ക്, അമേരിക്ക, നെതർലാൻഡ്, നോർവേ, സ്വീഡൻ എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്കും മാത്രമായിരുന്നു ഈ ആനുകൂല്യ. എന്നാൽ, ഇത് ലോകത്തെ എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ബാധകമാക്കി പുതിയ ഉത്തരവ് ഇറക്കുകയായിരുന്നു.

Exit mobile version