സൗദിയില്‍ മലയാളി പ്രവാസി മരിച്ചനിലയില്‍; മൃതദേഹം കണ്ടെത്തിയത് റോഡരികില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍

റിയാദിലെ ശിഫ സനായില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

റിയാദ് : സൗദിയിലെ റിയാദില്‍ റോഡരികില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ മലയാളി പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് നെന്മാറ കയറാടി വഴിലിയില്‍ ഒറ്റക്കണ്ടത്തില്‍ യൂസഫി(40) നെയാണ് വാഹനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. റിയാദിലെ ശിഫ സനായില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

അല്‍ഖര്‍ജ് ചെക്ക് പോസ്റ്റിന് സമീപം യൂസഫ് ഓടിച്ചിരുന്ന പിക്കപ്പ് വാഹനത്തിലാണ് മരിച്ച നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് സ്‌പോണ്‍സറെ കാണാന്‍ യൂസഫ് അല്‍ഖര്‍ജിലേക്ക് യാത്ര തിരിച്ചത്. റോഡരികില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ മരിച്ച നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തിയതായി ട്രാഫിക് പോലീസാണ് സ്പോണ്‍സറെ വിവരം അറിയിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് റിപ്പോര്‍ട്ട്.

മാതാവ്: ഖദീജ. ഭാര്യ: സൗജത്ത്. മക്കള്‍: അഫ്സ, അഹ്ല, മുഹമ്മദ് അഫ്നാന്‍. റിയാദ് ശുമേസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സൗദിയില്‍ തന്നെ ഖബറടക്കും .

Exit mobile version