കൊറോണ വൈറസ്; മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി സൗദി; ഏഴു രാജ്യങ്ങളിലുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി കുവൈറ്റ്; പ്രവാസികള്‍ പ്രതിസന്ധിയില്‍

ജിദ്ദ: ലോകം കൊറോണ വൈറസ് ഭീതിയില്‍ കഴിയുകയാണ്. വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഇന്ത്യക്കാരുള്‍പ്പെടെ എല്ലാവര്‍ക്കും ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ് സൗദി അറേബ്യ. കൂടാതെ ഏഴ് രാജ്യങ്ങളില്‍നിന്നുള്ള വിമാനസര്‍വീസുകള്‍ കുവൈറ്റും ഒരാഴ്ചത്തേക്ക് നിരോധിച്ചു.

കൊറോണ വൈറസ് ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവര്‍ക്ക് ഇനി സൗദിയിലേക്ക് പ്രവേശിക്കാന്‍ കഴിയില്ല. അതേസമയം യുഎഇ, കുവൈറ്റ്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് റോഡ് മാര്‍ഗം പ്രവേശിക്കുന്നതിനും സൗദി നിയന്ത്രണം ഏര്‍പ്പെടുത്തി. യാത്രക്കാര്‍ ജിദ്ദ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളം, റിയാദ് കിങ് ഖാലിദ് വിമാനത്താവളം, ദമാം കിങ് ഫഹദ് വിമാനത്താവളം എന്നിവയിലൂടെ മാത്രമേ വരാവൂ എന്നും സൗദി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

പുതിയവിസ ഉടമകള്‍ക്കും റീ എന്‍ട്രി വിസയില്‍ നാട്ടിലേക്ക് പോയവര്‍ക്കും സര്‍ട്ടിഫിക്കറ്റ് വേണം. അതേസമയം, ഇന്ത്യയുള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍നിന്നുള്ള വിമാനസര്‍വീസുകള്‍ ഒരാഴ്ചത്തേക്ക് കുവൈറ്റ് നിരോധിച്ചു. വെള്ളിയാഴ്ചരാത്രി ചേര്‍ന്ന അടിയന്തര മന്ത്രിസഭായോഗമാണ് കുവൈറ്റില്‍നിന്നും കുവൈറ്റിലേക്കും ഉള്ള ഏഴ് രാജ്യങ്ങളിലെ വിമാനസര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

ഇന്ത്യക്ക് പുറമെ ഈജിപ്ത്, ഫിലിപ്പീന്‍സ്, സിറിയ, ലെബനന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ക്കാണ് വിലക്ക്.സൗദിയുടെയും കുവൈറ്റിന്റെയും പുതിയ തീരുമാനം നാട്ടില്‍ അവധിയിലുള്ള ആയിരക്കണക്കിന് പ്രവാസികളെയാണ് പ്രതികൂലമായി ബാധിക്കുക.

Exit mobile version