കൊറോണ വൈറസ്; ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി സൗദി അറേബ്യ; റോഡ് മാര്‍ഗം പ്രവേശിക്കുന്നതിനും നിയന്ത്രണം

റിയാദ്: ലോകത്ത് ഭീതി പരത്തിക്കൊണ്ട് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഓരോ രാജ്യങ്ങളും പ്രതിരോധ നടപടികള്‍ ശക്തമാക്കിയിരിക്കുകയാണ്. കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. സൗദിയിലേക്കുള്ള യാത്രക്കാര്‍ കൊറോണ വൈറസ് ബാധിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഇനി കൈയ്യില്‍ കരുതണം.

കൊറോണ വൈറസ് ബാധിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് മാത്രമേ ഇനി സൗദി അറേബ്യയില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ. സൗദി കോണ്‍സുലേറ്റിന്റെ അംഗീകാരമുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് യാത്രയുടെ ഇരുപത്തി നാല് മണിക്കൂര്‍ മുമ്പ് എടുത്ത സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ സ്വീകരിക്കൂ.

യാത്രക്കാര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ ബോര്‍ഡിങ്ങ് പാസുകള്‍ നല്‍കാവൂ എന്ന് കൊറോണ ബാധിത രാജ്യങ്ങളിലെ വിമാനത്താവളങ്ങള്‍ക്ക് സൗദി നിര്‍ദേശം നല്‍കി. അതേസമയം, വിദേശ രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് റോഡ് മാര്‍ഗം പ്രവേശിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എയര്‍ പോര്‍ട്ടുകള്‍ വഴി മാത്രമേ വിദേശത്ത് നിന്നുള്ളവരെ പ്രവേശിപ്പിക്കൂ എന്ന് സൗദി ഭരണ കൂടം അറിയിച്ചു. ഇതോടെ ഇനിമുതല്‍ യുഎഇ, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് റോഡ് മാര്‍ഗം സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ കഴിയില്ല. സൗദിയുടെ പുതിയ തീരുമാനം പതിനായിരക്കണക്കിനു മലയാളികളെയാണ് ബാധിക്കുക. കുവൈത്തും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നെങ്കിലും ഈ തീരുമാനം പിന്നീട് പിന്‍വലിച്ചിരുന്നു.

Exit mobile version