ഭരണകൂടത്തെ അട്ടിമറിക്കാന്‍ നീക്കം; സൗദി രാജാവിന്റെ സഹോദരനടക്കം മൂന്നു രാജകുടുംബാംഗങ്ങള്‍ അറസ്റ്റില്‍

റിയാദ്: ഭരണകൂടത്തെ അട്ടിമറിക്കാനുള്ള നീക്കത്തെ തുടര്‍ന്ന് സൗദി അറേബ്യയില്‍ രാജാവിന്റെ സഹോദരനടക്കം മൂന്നു രാജകുടുംബാംഗങ്ങള്‍ അറസ്റ്റില്‍. സൗദി ഭരണാധികാരിയുടെ ഇളയ സഹോദരന്‍ പ്രിന്‍സ് അഹമ്മദ് ബിന്‍ അബ്ദുള്‍ അസീസ്, മുന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ നായിഫ്, രാജകുടുംബാഗമായ നവാഫ് ബിന്‍ നായിഫ് എന്നിവരാണ് അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ട്.

ഭരണകൂടത്തെ അട്ടിമറിക്കാനുള്ള നീക്കത്തെ തുടര്‍ന്നാണ് അറസ്റ്റെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അറസ്റ്റിന് പിന്നിലെ കാരണമെന്താണെന്ന് സൗദി വ്യക്തമാക്കിയിട്ടില്ല. അതേസമയം, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശ പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് രാജകുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തത്. മുന്‍ ആഭ്യന്തര മന്ത്രിയായിരുന്ന മുഹമ്മദ് ബിന്‍ നായിഫ് 2017 മുതല്‍ വീട്ടുതടങ്കലിലാണ്. മുഖംമൂടി ധരിച്ച് കറുത്ത വേഷമണിഞ്ഞാണ് ഗാര്‍ഡുകള്‍ രാജകുടുംബാംഗങ്ങളുടെ വസതികളില്‍ എത്തിയതെന്ന്‌ വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

2016ല്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ കിരീടാവകാശിയായി പ്രഖ്യാപിച്ചിതിന് പിന്നാലെ 2017ല്‍ രാജകുടുംബത്തില്‍പെട്ട ഒരു ഡസനിലധികം പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മൂന്ന് രാജകുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Exit mobile version