കൊറോണ വൈറസ്; കുവൈറ്റിലേക്കുള്ള യാത്രക്കാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി റദ്ദാക്കി

കുവൈറ്റ് സിറ്റി: ലോകത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കുവൈറ്റിലേക്കുള്ള യാത്രക്കാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി വ്യാഴാഴ്ച ചേര്‍ന്ന അടിയന്തിര ക്യാബിനറ്റ് യോഗം റദ്ദാക്കി. പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

കുവൈറ്റിലേക്കുള്ള യാത്രക്കാര്‍ക്ക് കൊറോണ വൈറസ് മുക്ത സാക്ഷ്യ പത്രം നിര്‍ബന്ധമാക്കിയ നടപടിയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ കുവൈറ്റ് എംബസി വിദേശകാര്യ മന്ത്രാലയം വഴി ആരോഗ്യമന്ത്രാലയത്തിനു കത്തയച്ചിരുന്നു. ഈ കത്തിന്റെ ഫലമായിട്ടാണ് ക്യാബിനെറ്റിന്റ തീരുമാനം. മാര്‍ച്ച് എട്ടുമുതലായിരുന്നു യാത്രക്കാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി നിലവില്‍ വരുന്നത്.

ഇന്ത്യയില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് ഇന്ത്യയിലെ കുവൈറ്റ് എംബസി അംഗീകൃത വൈദ്യ പരിശോധന കേന്ദ്രങ്ങളില്‍ നിന്നുള്ള കൊറോണ വൈറസ് വിമുക്ത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കൊണ്ട് ആരോഗ്യമന്ത്രാലയത്തില്‍ നിന്നും കുവൈറ്റ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയില്‍ നിന്നും കഴിഞ്ഞ ദിവസം നിര്‍ദ്ദേശം ലഭിച്ചിരുന്നു.

‘ഗാംക’യെയാണ് കുവൈറ്റ് എംബസി വൈദ്യ പരിശോധനക്ക് ചുമതലപ്പെടുത്തിയത്. ‘ഗാംക’ യുടെ ഉദ്യോഗസ്ഥരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തപ്പോള്‍ നിലവില്‍ തങ്ങള്‍ക്ക് കൊറോണ വൈറസ് പരിശോധനക്ക് ആവശ്യമായ സൗകര്യങ്ങളോ നിയമപരമായ അധികാരങ്ങളോ ഇല്ലെന്ന മറുപടിയാണ് കുവൈറ്റ് എംബസി അധികൃതര്‍ക്ക് ലഭിച്ചത്.

ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് കുവൈറ്റ് വിദേശ കാര്യ മന്ത്രാലയം വഴി ആരോഗ്യ മന്ത്രാലയത്തിനും സിവില്‍ ഏവിയേഷന്‍ അധികൃതര്‍ക്കും കത്തയക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കുവൈറ്റിലേക്കുള്ള യാത്രക്കാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് വവിധ മേഖലകളില്‍ നിന്നുള്ള സമ്മര്‍ദ്ദം പരിഗണിച്ച് അടിയന്തിര ക്യാബിനറ്റ് യോഗം ചേര്‍ന്ന് തീരുമാനം പിന്‍വലിക്കുകയായിരുന്നു.

ഇന്ത്യയ്ക്ക് പുറമെ കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഫിലിപ്പീന്‍സ്, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, അസര്‍ബൈജാന്‍, തുര്‍ക്കി, ശ്രീലങ്ക, ജോര്‍ജിയ, ലെബനോന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു. പുതുതായി എത്തുന്നവര്‍ക്കും അവധി കഴിഞ്ഞു തിരിച്ചെത്തുന്നവര്‍ക്കും ഉത്തരവ് ബാധകമായിരിക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇതോടെ പ്രവാസികള്‍ ഏറെ പ്രതിസന്ധിയിലായിരുന്നു. എന്നാല്‍ ഉത്തരവ് പിന്‍വലിച്ചതോടെ പ്രവാസികള്‍ ആശ്വാസത്തിലാകും.

Exit mobile version