കണ്ടെത്തിയത് ദുബായിയിലെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍; എന്നാല്‍ തെളിയിച്ചതോ പ്രമാദമായ കേസും; പൊടിപിടിച്ച ഈ കാര്‍ ദുബായ് പോലീസിനെ സഹായിച്ചതിങ്ങനെ

പോലീസ് പോലും വിചാരിച്ചിട്ടുണ്ടാവില്ല ഈ കാര്‍ ഒരു പിടികിട്ടാപുള്ളിയിലേക്ക് ഉള്ള വഴികാട്ടിയാകുമെന്ന്.

റാസല്‍ഖൈമ: യുഎഇ പോലീസിന്റെ ഉപേക്ഷിക്കപ്പെട്ട കാറുകള്‍ നീക്കം ചെയ്യുന്ന പദ്ധതിക്കിടെയാണ് ഈ പൊടിപിടിച്ച കാറും കണ്ണില്‍പെട്ടത്. എന്നാല്‍ നീക്കം ചെയ്യുന്നതിനിടെ പരിശോധിച്ച പോലീസ് പോലും വിചാരിച്ചിട്ടുണ്ടാവില്ല ഈ കാര്‍ ഒരു പിടികിട്ടാപുള്ളിയിലേക്ക് ഉള്ള വഴികാട്ടിയാകുമെന്ന്. അതാണ് കഴിഞ്ഞദിവസം ദുബായിയില്‍ സംഭവിച്ചത്. റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട കാറില്‍ നിന്ന് യുഎഇ പോലീസ് തെളിയിച്ചത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കേസാണ്. എമിറേറ്റുകളില്‍ മുഴുവന്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന ഉപേക്ഷിക്കപ്പെട്ട കാറുകള്‍ നീക്കം ചെയ്യുന്ന പദ്ധതിക്കിടെയാണ് ഈ കാര്‍ പൊലീസിന്റെ ശ്രദ്ധയില്‍ പെടുന്നത്. വിശദമായ അന്വേഷണത്തിനൊടുവില്‍ ഉടമയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് റോഡില്‍ അപകടമുണ്ടാക്കിയ ശേഷം നിര്‍ത്താതെ പോയ കാറാണിതെന്ന് പോലീസിന് വ്യക്തമായി. എന്നാല്‍ കാറിന്റെ നമ്പര്‍ പ്ലേറ്റും ലൈസന്‍സും നീക്കം ചെയ്തിരുന്നു. ഇതോടെ ചേസിസ് നമ്പര്‍ ഉപയോഗിച്ചാണ് ഉടമയെ കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്ത് ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറുകയായിരുന്നുവെന്ന് ട്രാഫിക് ആന്റ് പട്രോള്‍സ് വിഭാഗം ഡയറക്ടര്‍ കേണല്‍ അഹമ്മദ് അല്‍ സാം അല്‍ നഖ്ബി അറിയിച്ചു.

ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിന് വ്യാപകമായ ക്യാമ്പയിനാണ് നടന്നുവരുന്നത്. ഇതുവരെ ഇത്തരത്തിലുള്ള 503 വാഹനങ്ങള്‍ പിടിച്ചെടുത്തു. ആറ് തരത്തിലുള്ള നിയമ ലംഘനങ്ങള്‍ക്ക് പൊലീസ് രണ്ടാഴ്ച സാവകാശം അനുവദിക്കും. അഴുക്കുപുരണ്ട നിലയില്‍ റോഡുകളില്‍ ഉപേക്ഷിക്കപ്പെട്ടത്, നിറം മങ്ങിയത്, ലൈസന്‍സില്ലാതെ കളര്‍ മാറ്റിയത്, സീറ്റുകള്‍ എടുത്തുമാറ്റിയത്, അകത്തുള്ള വസ്തുക്കള്‍ നശിപ്പിക്കപ്പെട്ടത്, സ്റ്റിയറിങ് വീല്‍ ഇല്ലാത്തത് എന്നിങ്ങനെയുള്ള വാഹനങ്ങള്‍ നിരത്തില്‍ നിന്ന് മാറ്റാന്‍ സാവകാശം നല്‍കും.

എന്നാല്‍ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാത്ത കാറുകള്‍ക്ക് കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഉടന്‍ തന്നെ പൊലീസ് അധികൃതര്‍ ഏറ്റെടുത്ത് കൊണ്ടുപോകും

Exit mobile version