അമേരിക്കയുടെ ഗള്‍ഫ് മേഖലയിലെ കാലുകള്‍ ഛേദിക്കുമെന്ന് ഇറാന്‍; പ്രവാസികളെ വീണ്ടും ആശങ്കയിലാഴ്ത്തി മുന്നറിയിപ്പ്

തെഹ്‌റാന്‍:അമേരിക്ക കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ അതിനുള്ള തക്ക മറുപടിയും നേരിടേണ്ടി വരുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി. ഗള്‍ഫ് മേഖലയില്‍ അധികനാള്‍ വാഴാന്‍ അമേരിക്കയെ വിടില്ലെന്നും പശ്ചിമേഷ്യയിലെ അമേരിക്കയുടെ കാലു തന്നെ ഞങ്ങള്‍ ഛേദിക്കുമെന്നും റൂഹാനി മുന്നറിയിപ്പിന്റെ സ്വരത്തില്‍ പറഞ്ഞു.

ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റൂഹാനി. ‘അവര്‍ ഞങ്ങളുടെ പ്രിയപ്പെട്ട സുലൈമാനിയുടെ കരങ്ങള്‍ ഛേദിച്ചു.അമേരിക്കയുടെ ചുറ്റുവട്ടത്തു നിന്ന് പിന്‍വാങ്ങാന്‍ എന്തായാലും ഇപ്പോള്‍ ഉദ്ദേശമില്ല. മേഖലയിലെ മറ്റ് രാജ്യങ്ങളില്‍നിന്നും അമേരിക്ക തിരിച്ചടി നേരിടുമെന്നാണ് ഞാന്‍ കരുതുന്നത്. സുലൈമാനിയെ വധിച്ചതിന് പ്രതികാരമായി പശ്ചിമേഷ്യയിലെ അമേരിക്കയുടെ കാലു തന്നെ ഞങ്ങള്‍ ഛേദിക്കു’മെന്നുമാണ് റൂഹാനി പറഞ്ഞത്.

‘അമേരിക്ക കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള തക്ക മറുപടിയും നേരിടേണ്ടി വരുമെന്ന് അവരറിയേണ്ടതുണ്ട്. അവര്‍ വിവേകമുള്ളവരാണെങ്കില്‍ ഈ അവസരത്തില്‍ അവരുടെ ഭാഗത്തുനിന്നു തുടര്‍ നടപടികളുണ്ടാവില്ല.’ റൂഹാനി പറഞ്ഞു. ഇറാഖിലെ യുഎസിന്റെ സൈനിക താവളങ്ങള്‍ക്കുനേരെ ഇറാന്‍ മിസൈലാക്രമണം നടത്തിയതിനു പിന്നാലെയായിരുന്നു റൂഹാനിയുടെ പ്രതികരണം.

ഇറാന്‍ അമേരിക്ക സംഘര്‍ഷം രൂക്ഷമാവുമ്പോള്‍ ഗള്‍ഫ്, അറബ് നാടുകളിലുള്ള പ്രവാസികളെല്ലാം കടുത്ത ആശങ്കയിലാണ്. ഇറാഖില്‍ യുദ്ധഭീതി നിലനില്‍ക്കുമ്പോള്‍ തന്നെ ഇറാന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ആകാംക്ഷയും ബാക്കിനില്‍ക്കുന്നതിനിടെയാണ് അമേരിക്കന്‍ എംബസിക്ക് സമീപം ഇറാന്‍ റോക്കറ്റ് ആക്രമണം നടത്തിയത്.

ഇതിന് പിന്നാലെ ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ സൈന്യത്തെ തുടച്ച് നീക്കുമെന്ന് ഇറാന്‍ വ്യക്തമാക്കിയതിന് പിന്നാലെ വീണ്ടും യുദ്ധമുണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് തന്നെയാണ് വിലയിരുത്തല്‍. എന്നാല്‍ പേടിക്കാനൊന്നുമില്ലെന്നും മേഖലയില്‍ ഭീഷണിയുണ്ടെന്ന രീതിയില്‍ ഉയരുന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്നും യുഎഇ അടക്കം പറയുമ്പോഴും അമേരിക്കയ്ക്ക് നേരെ നിരന്തരമുയരുന്ന മുന്നറിയിപ്പുകള്‍ പ്രവാസികളില്‍ ആശങ്കയുണര്‍ത്തുന്നുവെന്നത് സത്യം തന്നെയാണ്.

Exit mobile version