ജമാല്‍ ഖഷോഗ്ജി വധത്തില്‍ കിരീടാവകാശിക്കും പങ്കെന്ന് ആരോപണം; സൗദി രാജകുടുംബത്തിനുള്ളില്‍ മുഹമ്മദ് ബിന്‍ സല്‍മാനെതിരെ അമര്‍ഷം പുകയുന്നു

ഒരു കൂട്ടം രാജകുമാരന്മാര്‍ക്കും ബന്ധുക്കള്‍ക്കും ഭരണത്തില്‍ ബിന്‍ സല്‍മാനിനു പകരക്കാരന്‍ വരണമെന്നാണ് ആഗ്രഹമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിയാദ്: സൗദി ഭരണകൂട വിമര്‍ശകനായിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ വധത്തില്‍ സൗദിക്കെതിരെ വിമര്‍ശനം ശക്തമാകുന്നു. ഇതിനിടെ മുഹമ്മദ് ബിന്‍ സല്‍മാനെതിരെ രാജകുടുംബത്തിലെ ചില അംഗങ്ങള്‍ രംഗത്തെത്തിയതായി റിപ്പോര്‍ട്ട്. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജാവാകുന്നത് തടയണമെന്നാവശ്യപ്പെട്ട് രാജകുടുംബത്തിലെ ചില അംഗങ്ങള്‍ പ്രതിഷേധിക്കുന്നതായി റോയല്‍ കോര്‍ട്ടുമായി ബന്ധമുള്ള വൃത്തങ്ങള്‍ പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ടു ചെയ്തു.

ഖഷോഗ്ജി വധവുമായി ബിന്‍ സല്‍മാന്റെ പേര് ഉയര്‍ന്നു കേള്‍ക്കുന്ന സാഹചര്യത്തില്‍, സൗദി രാജകുടുംബത്തിലെ ഒരു കൂട്ടം രാജകുമാരന്മാര്‍ക്കും ബന്ധുക്കള്‍ക്കും ഭരണത്തില്‍ ബിന്‍ സല്‍മാനിനു പകരക്കാരന്‍ വരണമെന്നാണ് ആഗ്രഹമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ 82 വയസ്സു പ്രായമുള്ള സല്‍മാന്‍ രാജാവിന്റെ ഏറ്റവും അടുത്ത പുത്രനാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍.

രാജാവിന്റെ മരണശേഷം 40 വര്‍ഷത്തോളം സൗദിയുടെ ആഭ്യന്തര ഉപമന്ത്രിയായിരുന്ന അദ്ദേഹത്തിന്റെ സഹോദരനായ അഹ്മദ് ബിന് അബ്ദുള്‍അസീസിനെ രാജാവാക്കണമെന്നാണ് ഇവരുടെ ആവശ്യം എന്നും വൃത്തങ്ങള്‍ പറയുന്നു.

അതേസമയം മുഹമ്മദ് ബിന്‍ സല്‍മാന് ഖഷോഗ്ജി കൊല്ലപ്പെടുമെന്ന വിവരം നേരത്തെ അറിയാമായിരിക്കാം എന്ന് ട്രംപ് പറഞ്ഞു.

Exit mobile version