സുഹൃത്തുക്കളോടൊപ്പം ഭാഗ്യപരീക്ഷണത്തിനിറങ്ങി; പ്രവാസിയായ സുബൈറിനെ തേടിയെത്തിയത് ഏഴുകോടി! ഇത്തവണയും തുണയായത് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്!

സഹപ്രവര്‍ത്തകരായ ഒന്‍പത് പേരുമായി ചേര്‍ന്നാണ് സുബൈര്‍ ഓണ്‍ലൈന്‍ വഴി ടിക്കറ്റ് എടുത്തത്.

ദുബായ്: വീണ്ടും ഇന്ത്യക്കാരനായ പ്രവാസിയെ തുണച്ച് ദുബായിയിലെ ഭാഗ്യദേവത. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയര്‍ പ്രെമോഷന്റെ ഭാഗമായി നടത്തിയ നറുക്കെടുപ്പില്‍ ദുബായിയില്‍ താമസിക്കുന്ന സുബൈറിന് ഒരു മില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം ഏഴു കോടിയില്‍ അധികം രൂപ) സമ്മാനം. സഹപ്രവര്‍ത്തകരായ ഒന്‍പത് പേരുമായി ചേര്‍ന്നാണ് സുബൈര്‍ ഓണ്‍ലൈന്‍ വഴി ടിക്കറ്റ് എടുത്തത്. 286 സീരിസിലെ 0520 നമ്പര്‍ ടിക്കറ്റ് ആണ് സുബൈറിനും സഹപ്രവര്‍ത്തകര്‍ക്കും ഭാഗ്യം കൊണ്ടുവന്നത്. ദുബായിലെ റെഡ ഗ്രൂപ്പില്‍ ലോജിസ്റ്റിക്സ് മാനേജരാണ് സുബൈര്‍.

ഞങ്ങള്‍ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്ഥിരമായി ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പില്‍ ടിക്കറ്റ് എടുക്കാറുണ്ട്. ഒടുവില്‍ സമ്മാനം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ഈ ജയത്തിലൂടെ ഞങ്ങള്‍ കൂടുതല്‍ സുരക്ഷിതരായി. ദുബായ് ഡ്യൂട്ടി ഫ്രീയ്ക്ക് നന്ദിയുണ്ടെന്നും സുബൈര്‍ പറഞ്ഞു. 20 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന സുബൈര്‍ 1999ല്‍ ആരംഭിച്ച ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടുന്ന 137മത്തെ ഇന്ത്യക്കാരനാണ്. ഇന്നു തന്നെ നടന്ന മറ്റു നറുക്കെടുപ്പുകളില്‍ യുഎഇ, പാകിസ്താന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ആഡംബര വാഹനങ്ങള്‍ സമ്മാനമായി ലഭിച്ചു. പ്രവീണ്‍ ഷെയ്ഖ് ആസിഫ് എന്ന 43കാരനായ ഇന്ത്യക്കാരന് ബിഎംഡബ്യു ആര്‍ 1200 ആര്‍ മോട്ടോര്‍ബൈക്കാണ് സമ്മാനം ലഭിച്ചത്. നിരവധി വര്‍ഷമായി ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പില്‍ പങ്കെടുക്കാറുള്ള വ്യക്തിയാണ് ആസിഫ്. ഇത്തരമൊരു സമ്മാനം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസിഫ് പ്രതികരിച്ചു.

ഖലീഫ അബ്ദുല്ല ഹരീബ് ബിന്‍ ഹരീബ് അല്‍ ഫല്ലാനി എന്ന ദുബായ് മുനിസിപ്പാലിറ്റിയില്‍ മാനേജരായി ജോലി ചെയ്യുന്ന 60കാരനായ യുഎഇ പൗരന് ബെന്‍സ് എസ്560 കാറാണ് സമ്മാനം ലഭിച്ചത്. ഫര്‍ഹാന്‍ ഷൗക്കത്ത് എന്ന പാകിസ്താന്‍ പൗരന് പോര്‍ഷെ കാറാണ് നറുക്കെടുപ്പിലൂടെ ലഭിച്ചത്.

Exit mobile version