ലോകഅതിരുകള്‍ മായ്ക്കും അതിശയവുമായി ദുബായിയില്‍ ഗ്ലോബല്‍ വില്ലേജ് ഒരുങ്ങി

ആഘോഷപരിപാടികള്‍ക്കും കലാപരിപാടികള്‍ക്കും പുറമെ കുട്ടികള്‍ക്കായി പ്രത്യേക വിനോദപരിപാടികളും ഇവിടെ ഒരുക്കുന്നുണ്ട്

ദുബായ്: മിഡില്‍ ഈസ്റ്റിലെ പ്രശസ്ത വിനോദ-ആഘോഷ കേന്ദ്രമായ ദുബായ് ഗ്ലോബല്‍ വില്ലേജ് പ്രദര്‍ശനം ഒക്ടോബര്‍ 29-ന് ആരംഭിക്കും. ഗ്ലോബല്‍ വില്ലേജില്‍ എത്താനും അവിടെ ചെലവിടുന്ന ഓരോ നിമിഷവും ആനന്ദകരമാക്കാനും ഏറെ അനുയോജ്യമായ പശ്ചാത്തല സൗകര്യ വികസനമാണ് ഇത്തവണ ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി. ആഘോഷപരിപാടികള്‍ക്കും കലാപരിപാടികള്‍ക്കും പുറമെ കുട്ടികള്‍ക്കായി പ്രത്യേക വിനോദപരിപാടികളും ഇവിടെ ഒരുക്കുന്നുണ്ട്.

ഗ്ലോബല്‍ വില്ലേജിന്റെ 24ാം സീസണാണ് ചൊവ്വാഴ്ച തുടക്കം കുറിക്കുന്നത്. ഇത്തവണ 78 രാഷ്ട്രങ്ങളെ പ്രതിനിധാനംചെയ്യുന്ന പവലിയനുകളാണ് ഒരുക്കുന്നതെന്ന് ഗ്ലോബല്‍ വില്ലേജ് സിഇഒ ബദര്‍ അന്‍വാഹി ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത് കൂടാതെ ഫെസ്റ്റിവല്‍ പാര്‍ക്കില്‍ 20,000- ത്തിലധികം വിനോദ, സാംസ്‌കാരിക പരിപാടികളും അരങ്ങേറും.

പ്രധാന വേദിയില്‍ എല്ലാ വെള്ളിയാഴ്ചയും രാത്രി ഒമ്പതുമണിക്ക് അന്താരാഷ്ട്ര കലാകാരന്മാര്‍ ഒരുക്കുന്ന സംഗീതക്കച്ചേരികളും എല്ലാ വ്യാഴം, വെള്ളി ദിവസങ്ങളിലുമുള്ള കരിമരുന്നുപ്രയോഗവുമാണ് ഗ്ലോബല്‍വില്ലേജിലെ പ്രധാന ആകര്‍ഷണമെന്ന് സംഘാടകര്‍ വ്യക്തമാക്കി. സന്ദര്‍ശകര്‍ക്ക് ഗ്ലോബല്‍വില്ലേജിലെത്തിപ്പെടാന്‍ മികച്ച യാത്രാസൗകര്യം, കൂടുതല്‍ പാര്‍ക്കിങ് സൗകര്യം, അതിനൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള സുരക്ഷാസംവിധാനം എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ ദുബായ് ടാക്‌സി കോര്‍പറേഷന്റെ (ഡിടിസി.) ആപ്പ് വഴി സേവനം ബുക്ക് ചെയ്താല്‍ സന്ദര്‍ശകര്‍ക്ക് കുറഞ്ഞ നിരക്കില്‍ ടാക്‌സി, ലിമോ, ബസ് സര്‍വീസുകള്‍ ലഭിക്കും. ഡിടിസിയുടെ ഈ ബസ് സര്‍വീസ് വഴി അസംബ്ലി ഏരിയകളില്‍ നിന്ന് ഗ്ലോബല്‍ വില്ലേജിലെ എന്‍ട്രി പോയിന്റുകളിലേക്ക് സന്ദര്‍ശകര്‍ക്ക് എളുപ്പത്തില്‍ എത്താനുള്ള സൗകര്യം ആപ്പ് നല്‍കുന്നുണ്ടെന്ന് ഡിടിസി സിഇഒ ഡോ യൂസഫ് അല്‍ അലി പറഞ്ഞു.

ഗ്ലോബല്‍ വില്ലേജിലെത്തുന്നവര്‍ക്ക് ഇരുപതിലേറെ മള്‍ട്ടികള്‍ച്ചറല്‍ റെസ്റ്റോറന്റുകളില്‍നിന്നും കഫേകളില്‍നിന്നും വിവിധ വിഭവങ്ങള്‍ ആസ്വദിക്കാനുള്ള സുവര്‍ണ്ണാവസരവും ലഭ്യമാണ്. 15 ദിര്‍ഹമാണ് ഇത്തവണ പ്രവേശനടിക്കറ്റ് നിരക്ക്. കഴിഞ്ഞതവണ 30 ലക്ഷം പേരാണ് വില്ലേജ് സന്ദര്‍ശിച്ചതെന്നും ഇത്തവണ അതിന്റെ ഇരട്ടിയിലധികമാണ് പ്രതീക്ഷിക്കുന്നതെന്നും സംഘാടകര്‍ വ്യക്തമാക്കി. 2020 ഏപ്രില്‍ നാലുവരെയാണ് ഗ്ലോബല്‍ വില്ലേജ് പ്രവര്‍ത്തിക്കുക.

Exit mobile version