ആദ്യ ഭാര്യയെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചുമൂടി; യുഎഇയില്‍ ഇന്ത്യക്കാരനും രണ്ടാം ഭാര്യയ്ക്കും വധശിക്ഷ

ആദ്യ ഭാര്യയെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചുമൂടിയ സംഭവത്തില്‍ ഇന്ത്യക്കാരനും രണ്ടാം ഭാര്യയ്ക്കും വധശിക്ഷ വിധിച്ച് ഷാര്‍ജ ക്രിമിനല്‍ കോടതി. രണ്ട് പ്രതികളുടെയും അസാന്നിദ്ധ്യത്തിലായിരുന്നു ജഡ്ജി മാജിദ് അല്‍ മുഹൈരിയുടെ സുപ്രധാന വിധി.

ഷാര്‍ജ: ആദ്യ ഭാര്യയെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചുമൂടിയ സംഭവത്തില്‍ ഇന്ത്യക്കാരനും രണ്ടാം ഭാര്യയ്ക്കും വധശിക്ഷ വിധിച്ച് ഷാര്‍ജ ക്രിമിനല്‍ കോടതി. രണ്ട് പ്രതികളുടെയും അസാന്നിദ്ധ്യത്തിലായിരുന്നു ജഡ്ജി മാജിദ് അല്‍ മുഹൈരിയുടെ സുപ്രധാന വിധി.

2018 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ടാം ഭാര്യയുടെ സഹായത്തോടെയാണ് പ്രതിയായ ഇന്ത്യക്കാരന്‍ തന്റെ ആദ്യ ഭാര്യയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് വീടിനുള്ളില്‍ തന്നെ മൃതദേഹം കുഴിച്ചുമൂടുകയും ചെയ്തു. പിന്നീട് ഇരുവരും നാട്ടിലേക്ക് പോയി.

മരണപ്പെട്ട യുവതിയുടെ സഹോദരന്‍ ഏപ്രില്‍ ഒന്‍പതിന് പോലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. യുവതിയെ പലതവണ ഫോണില്‍ വിളിച്ചിട്ടും പ്രതികരണമുണ്ടാവാത്തതിനെ തുടര്‍ന്ന് ഇയാള്‍ ഇന്ത്യയില്‍ നിന്നും ഷാര്‍ജയിലെത്തുകയായിരുന്നു. സഹോദരിയുടെ വീട്ടിലെത്തിയെങ്കിലും അവിടെ ആരുമുണ്ടായിരുന്നില്ല. ഇതോടെയാണ് ഇയാള്‍ പോലീസിനെ സമീപിച്ചത്.

താന്‍ എല്ലാ ദിവസവും സഹോദരിയുമായി ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നുവെന്നും എന്നാല്‍ ദിവസങ്ങളായി ഫോണ്‍ കോളുകള്‍ സ്വീകരിക്കുന്നില്ലെന്നും ഇയാള്‍ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പ്രോസിക്യൂഷന്റെ അനുമതി വാങ്ങി, പോലീസ് സംഘം വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു.

വീട്ടിലെ നിലത്ത് പാകിയിരുന്ന ടൈന്‍സുകളില്‍ ചിലത് ഇളക്കി മാറ്റിയിരിക്കുന്നത് കണ്ടെത്തിയതോടെ ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി. വീടിനുള്ളില്‍ തന്നെ മറവുചെയ്തിരുന്ന മൃതദേഹം അന്വേഷണ സംഘം പുറത്തെടുത്ത് ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി. സഹോദരന്‍ മൃതദേഹം തിരിച്ചറിയുകയും ചെയ്തു.

പിന്നീട് വിരലടയാളങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. രണ്ടാം ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഇയാള്‍ ഇന്ത്യയിലേക്ക് കടന്നതായി പോലീസ് മനസിലാക്കി. ഇന്റര്‍പോള്‍ വഴി ഇവരെ അറസ്റ്റ് ചെയ്ത് യുഎഇയില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ തുടരുകയാണ്.

Exit mobile version