ബോര്‍ഡിങ് പാസെടുത്ത് ഉറങ്ങിപ്പോയി: യാത്രക്കാരനെ കൂട്ടാതെ വിമാനം പുറപ്പെട്ടു; കണ്ണൂര്‍ സ്വദേശിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി

മത്ര: ബോര്‍ഡിങ് പാസ്സെടുത്ത് ഉറങ്ങിപ്പോയ കണ്ണൂര്‍ സ്വദേശിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. മസ്‌കറ്റ് വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.

മത്രയില്‍ ഹോട്ടലില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ക്കാരനാണ് അബദ്ധം പറ്റിയത്. ശനിയാഴ്ച രാത്രിക്കുള്ള മസ്‌കത്ത്-കണ്ണൂര്‍ ഗോ എയറിന് പോകാനായി കൃത്യസമയത്തിനും മുമ്പേ ഇദ്ദേഹം വിമാനത്താവളത്തിലെത്തി. ചെക്ക് ഇന്‍ ചെയ്ത് ബോര്‍ഡിങ് പാസ് വാങ്ങിയ ശേഷം ലോഞ്ചിലിരുന്ന് ഒന്നു മയങ്ങിപ്പോയതാണ് വിനയായത്.

ആളെ വിമാനത്താവളത്തിലെത്തിച്ച സുഹൃത്ത് നാട്ടിലെത്തിയ വിവരം ഒന്നും അറിയാത്തതിനെ തുടര്‍ന്ന് സംശയം തോന്നി നാട്ടിലേക്ക് വിളിച്ചന്വേഷിച്ചപ്പോഴാണ് ആള് എത്തിയിട്ടില്ലെന്ന കാര്യം അറിയുന്നത്. പിന്നെ കക്ഷിയുടെ നമ്പറില്‍ വിളിച്ചപ്പോള്‍
സ്വിച്ച് ഓഫും. പിന്നെയാണ് ഉറങ്ങിപ്പോയെന്നും എയര്‍പോര്‍ട്ടില്‍ തന്നെ ഉണ്ടെന്നതും അറിഞ്ഞത്.

പിന്നീട് സീബിലെ സുഹൃത്തിന്റെ താമസസ്ഥലത്തേക്ക് പോയ ഇദ്ദേഹം 51 റിയാല്‍ മുടക്കി പുതിയ ടിക്കറ്റില്‍ ഞായറാഴ്ച രാത്രിയുള്ള വിമാനത്തില്‍ നാട്ടിലേക്ക് പോയി. ബോര്‍ഡിങ് പാസ് എടുത്താല്‍ കയറ്റാതെ വിമാനം പോകില്ലെന്ന ധാരണയാണ് ഇതോടെ തിരുത്തേണ്ടി വന്നതെന്ന് ഇദ്ദേഹം പറയുന്നു.

Exit mobile version