കനയ്യകുമാറിനെ തൃശ്ശൂരില്‍ മത്സരിപ്പിക്കാതിരുന്നത് സിപിഐയ്ക്ക് പറ്റിയ കൈപ്പിഴ! ചരിത്രപരമായ വിഡ്ഢിത്തരത്തിന് വലിയ വില കൊടുക്കേണ്ടി വരും

കേരളമാകെ സിപിഐയ്ക്കും ഇടതു പാര്‍ട്ടികള്‍ക്കും രാഷ്ട്രീയമായി ലഭിക്കേണ്ടിയിരുന്ന വലിയ മേല്‍ക്കൈ സിപിഐ ഇല്ലാതാക്കിയെന്ന വിമര്‍ശനം ഒരു വിഭാഗം ഇടതുപക്ഷ പ്രവര്‍ത്തകര്‍ ശക്തമായി തന്നെ ഉന്നയിക്കുന്നുണ്ട്.

കനയ്യകുമാറിനെ കേരളത്തില്‍ ഉറപ്പുള്ള ഒരു സീറ്റിലേക്ക് മത്സരിപ്പിക്കാതിരുന്ന സിപിഐ, നഷ്ടപ്പെടുത്തിയത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ പ്രതീകമാവാനുള്ള ഇടതുപാര്‍ട്ടികളുടെ അവസരം കൂടിയാണ്. ദേശീയ രാഷ്ട്രീയത്തില്‍ തന്നെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ പ്രതീകമായി കനയ്യകുമാറിനെപ്പോലൊരു യുവ നേതാവ് പാര്‍ട്ടിയിലുണ്ടായിട്ടും നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ വേണ്ട വിധത്തില്‍ ഉപയോഗിച്ചില്ലെന്ന വിമര്‍ശനമാകും തെരഞ്ഞെടുപ്പിന് ശേഷം ഇടതു പാര്‍ട്ടിയായ സിപിഐയെ കാത്തിരിക്കുന്നത്.

രാജ്യത്ത് സിപിഐയ്ക്ക് കഴിഞ്ഞ ലോക്സഭയില്‍ പ്രാതിനിധ്യം നല്‍കിയിരുന്ന ഒരേ ഒരു സീറ്റായ തൃശൂര്‍ കയ്യിലുണ്ടായിട്ടും കനയ്യകുമാറിനെ അതില്‍ മത്സരിപ്പിക്കാന്‍ സിപിഐ തയ്യാറായില്ല. ബീഹാറിലെ ബേഗുസരായിയിലാണ് കനയ്യകുമാര്‍ മത്സരിക്കുന്നത്. ബേഗുസരായ് സിപിഐയ്ക്ക് നിര്‍ണായകമായ വോട്ടുള്ള മണ്ഡലമാണെങ്കിലും മഹാസഖ്യത്തിന്റെ ഭാഗമല്ലാത്തതു കൊണ്ട് ഇടതുപാര്‍ട്ടികളുടെ മാത്രം സ്ഥാനാര്‍ത്ഥിയായാണ് കനയ്യകുമാര്‍ മത്സരിക്കുന്നത്. ഇടതുപാര്‍ട്ടികള്‍ മഹാസഖ്യത്തിലില്ലാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് കഴിഞ്ഞ ദിവസം ബേഗുസരായിയില്‍ കനയ്യകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ബീഹാറില്‍ വിജയം ഉറപ്പിക്കാവുന്ന സഖ്യമോ സീറ്റോ ഇല്ലാതിരുന്നിട്ടും കനയ്യകുമാറിനെ തൃശ്ശൂര്‍ സീറ്റില്‍ മത്സരിപ്പിക്കുന്ന കാര്യം സിപിഐ ആലോചിച്ചില്ല. സിറ്റിങ്ങ് എംപിയെ മത്സരിപ്പിക്കേണ്ടെന്ന് തീരുമാനിച്ചിട്ടും അഖിലേന്ത്യാ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന മത്സരമായി തൃശൂരിലെ മത്സരത്തെ മാറ്റാന്‍ കഴിയുമായിരുന്ന സാഹചര്യം സിപിഐ സംസ്ഥാന നേതൃത്വം നഷ്ടപ്പെടുത്തുകായിരുന്നു.

പകരം അഖിലേന്ത്യാ നേതൃത്വത്തിന് ഇടപെടാനുള്ള അവസരം പോലും നിഷേധിച്ച് ഏകപക്ഷീയമായി തങ്ങളുടെ നാല് സീറ്റുകളിലെയും സ്ഥാനാര്‍ത്ഥിയെ ആദ്യം ചാടിക്കയറി പ്രഖ്യാപിക്കുകയായിരുന്നു സിപിഐ സംസ്ഥാന നേതൃത്വം. ഇത്തരമൊരു സമീപനം സിപിഐയെപ്പോലൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ഇടതു മുന്നണിയുടെയും ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കും. രാജ്യമാകെ ശ്രദ്ധിച്ച ജെഎന്‍യുവിലെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം കേരളത്തിലും വലിയ ചര്‍ച്ചയായിരുന്നു. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിന്റെ നേതൃത്വത്തില്‍ ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ പോരാട്ടം കേരളത്തില്‍ വലിയ സ്വാധീനമാണുണ്ടാക്കിയത്. ഇതിനെത്തുടര്‍ന്ന് ജെഎന്‍യുവില്‍ കനയ്യകുമാറിനൊപ്പം സമരരംഗത്തുണ്ടായിരുന്ന എഐഎസ്എഫ് യൂണിറ്റ് ഭാരവാഹി മുഹമ്മദ് മുഹ്സിനെ സ്ഥാനാര്‍ത്ഥിയാക്കി വര്‍ഷങ്ങളായി കോണ്‍ഗ്രസ് കൈവശം വെച്ച പട്ടാമ്പി നിയമസഭാ മണ്ഡലം സിപിഐ തിരിച്ചു പിടിക്കുകയും ചെയ്തു. അന്ന് മുഹ്സിന്റെ പ്രചാരണത്തിനായി എത്തിയ കനയ്യകുമാറും അദ്ദേഹം മുഴക്കിയ ആസാദി മുദ്രാവാക്യവും യുവജനങ്ങളൊന്നാകെ ഏറ്റെടുത്തിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനയ്യകുമാറിനെ തൃശ്ശൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയിരുന്നെങ്കില്‍ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ പ്രതീകമായി അത് വിശേഷിപ്പിക്കപ്പെടുമായിരുന്നെന്നും തൃശ്ശൂര്‍ മണ്ഡലത്തിലും കേരളത്തിലാകെയും അത് വലിയ ഗുണം ചെയ്യുമായിരുന്നുവെന്നും വിശ്വസിക്കുന്നവര്‍ ഇടത് പ്രവര്‍ത്തകര്‍ക്കിടയില്‍ ധാരാളമാണ്.

കനയ്യകുമാര്‍ കേരളത്തില്‍ മത്സരിച്ചിരുന്നെങ്കില്‍ മോഡി വിരുദ്ധ, ബിജെപി വിരുദ്ധ പോരാട്ടങ്ങളുടെ തലസ്ഥാനമായി കേരളത്തെ രാജ്യം ഉറ്റു നോക്കുമായിരുന്നു. പ്രചാരണ വിഷയങ്ങളെ തന്നെ വഴി തിരിച്ചു വിടാമായിരുന്ന ഒരു അസുലഭ അവസരം ആണ് സിപിഐ നഷ്ടപ്പെടുത്തിയത് എന്നാണ് ഉയരുന്ന ആക്ഷേപം. രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ച സമയത്തെങ്കിലും സിപിഐയ്ക്ക് മറിച്ചൊരു തീരുമാനം എടുക്കാമായിരുന്നു എന്നാണ് ഇക്കാര്യത്തില്‍ അതൃപ്തിയുള്ള വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

മോഡി സര്‍ക്കാരിന്റെ ഭരണകൂട ഭീകരതയുടെ ഇര എന്ന രൂപത്തില്‍ രാജ്യം ആവേശപൂര്‍വം കാണുന്ന കനയ്യകുമാറിനെ ലോക്‌സഭയില്‍ എത്തിക്കുക എന്ന ആത്മാര്‍ത്ഥമായ ആഗ്രഹം സിപിഐ വെച്ച് പുലര്‍ത്തിയില്ല എന്നതും ഇവര്‍ ഒരു വിമര്‍ശനമെന്ന നിലയില്‍ ഇവര്‍ ചൂണ്ടി കാണിക്കുന്നു.

കേരളമാകെ സിപിഐയ്ക്കും ഇടതു പാര്‍ട്ടികള്‍ക്കും രാഷ്ട്രീയമായി ലഭിക്കേണ്ടിയിരുന്ന വലിയ മേല്‍ക്കൈ സിപിഐ ഇല്ലാതാക്കിയെന്ന വിമര്‍ശനം ഒരു വിഭാഗം ഇടതുപക്ഷ പ്രവര്‍ത്തകര്‍ ശക്തമായി തന്നെ ഉന്നയിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം സിപിഐ നേരിടേണ്ടി വരുന്ന വലിയ വിമര്‍ശനങ്ങളില്‍ ഒന്നായിരിക്കും ഇത്.

Exit mobile version