അമ്മ പറഞ്ഞത് ത്രാസ് പൊട്ടി വീണെന്ന് ജീവിതത്തില്‍ ഒരിക്കലും കേട്ടിട്ടില്ലെന്നാണ്; അന്വേഷണം വേണം; ആവശ്യവുമായി ശശി തരൂര്‍

ഭാവിയില്‍ മറ്റൊരാള്‍ക്കും ഇതുപോലൊരു അനുഭവമുണ്ടാവരുതെന്ന് കരുതിയാണ് അന്വേഷണം ആവശ്യപ്പെടുന്നതെന്നും ശശി തരൂര്‍

തിരുവനന്തപുരം: വിഷു ദിനത്തില്‍ ഗാന്ധാരിയമ്മന്‍ കോവിലില്‍ വച്ച് തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് തലയ്ക്ക് പരിക്കേറ്റ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ ആശുപത്രി വിട്ടു. വിഷുദിവസം രാവിലെയായിരുന്നു അപകടമുണ്ടായത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് തരൂര്‍ രംഗത്തെത്തുകയും ചെയ്തു.

83 വയസുള്ള അമ്മ പറഞ്ഞത് തന്റെ ജീവിതത്തില്‍ ഇതുപോലുള്ള ഒരു സംഭവം കേട്ടിട്ടില്ലെന്നാണെന്നും, ഭാവിയില്‍ മറ്റൊരാള്‍ക്കും ഇതുപോലൊരു അനുഭവമുണ്ടാവരുതെന്ന് കരുതിയാണ് അന്വേഷണം ആവശ്യപ്പെടുന്നതെന്നും ശശി തരൂര്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച് പോലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നും തരൂര്‍ പറഞ്ഞു.

നേരത്തെ, ത്രാസ് തലയില്‍ വീണ് പരിക്കേറ്റ ശശി തരൂരിനെ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ സന്ദര്‍ശിച്ചിരുന്നു. ഈ മാന്യത രാഷ്ട്രീയത്തില്‍ അപൂര്‍വ്വമെന്ന് തരൂര്‍ സന്ദര്‍ശനത്തെ സംബന്ധിച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തു.

വിഷു ദിനത്തില്‍ പേരൂര്‍ക്കട ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം പതിനൊന്ന് മണിയോടെ തമ്പാനൂരിലെ ഗാന്ധാരിയമ്മന്‍ കോവില്‍ തുലാഭാര വഴിപാടിനായി എത്തിയ ശശി തരൂരിന് തുലാഭാരത്തിനിടെ പരിക്കേല്‍ക്കുകയായിരുന്നു. പഞ്ചസാര കൊണ്ടായിരുന്നു തുലാഭാരം. വിഎസ് ശിവകുമാര്‍ എംഎല്‍എ ഉള്‍പ്പടെയുള്ളവര്‍ ഒപ്പമുണ്ടായിരുന്നു. വഴിപാടിനായി ത്രാസിലിരിക്കുമ്പോള്‍ ത്രാസിന്റ മുകളിലത്തെ കൊളുത്ത് ഇളകി തരൂരിന്റ തലയില്‍ വീണാണ് അപകടമുണ്ടായത്.

Exit mobile version