നിറഞ്ഞു നിന്ന നാടകീയതയ്ക്കും വമ്പന്‍ ട്വിസ്റ്റുകള്‍ക്കുമൊടുവില്‍ അപ്രതീക്ഷിതമായി മുരളീധരന്‍ വടകരയിലേക്ക്; താരമണ്ഡലമായി വടകര

തിരുവനന്തപുരം:ലിസ്റ്റുമായി കോണ്‍ഗ്രസ് നേതാക്കളും കൂടെ സീറ്റ് തല്‍പരരായ നേതാക്കളും ഡല്‍ഹിയിലേക്ക് പോയി മാരത്തണ്‍ ചര്‍ച്ചകള്‍ നടത്തിയിട്ടും വടകരയില്‍ പി ജയരാജനെതിരെ മത്സരിപ്പിക്കാന്‍ ഒരാളെ കണ്ടെത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. മുല്ലപ്പള്ളിയും വിദ്യാബാലകൃഷ്ണനുമായിരുന്നു പരിഗണനയിലുണ്ടായിരുന്നത്. മുല്ലപ്പള്ളി മത്സരിക്കാന്‍ തയ്യാറല്ലെന്ന് അറിയിച്ചതോടെ വിദ്യാ ബാലകൃഷ്ണന്റെ പേരുമാത്രമായി പരിഗണനാ പട്ടികയില്‍. എന്നാല്‍ പി ജയരാജനെതിരെ വിദ്യാ ബാലകൃഷ്ണന്‍ മതിയോ എന്ന സംശയത്തിനൊടുവില്‍ ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ച എങ്ങുമെത്താതെ പിരിഞ്ഞു. വീണ്ടും മുല്ലപ്പള്ളിക്കു മേല്‍ സമ്മര്‍ദ്ദം. മത്സരിക്കാനുള്ള നിലപാടില്‍ ഉറച്ച് മുല്ലപ്പള്ളി. തുടര്‍ന്ന് വി എം സുധീരന്‍, ബിന്ദു കൃഷ്ണ എന്നിവരുടെ പേരുകളും ചര്‍ച്ചയില്‍ വന്നു.

ഞായറാഴ്ചയോടെ തീരുമാനം മുല്ലപ്പള്ളിക്ക് വിട്ട് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കേരളത്തിലേക്ക് മടങ്ങി. മുല്ലപ്പള്ളിക്കു മേല്‍ ഹൈക്കമാന്‍ഡ് സമ്മര്‍ദ്ദം തുടരുകയും ചെയ്തു. പിന്നീട് പ്രവീണ്‍ കുമാറിന്റെ പേര് ചര്‍ച്ചകളില്‍ വന്നു. പ്രവീണ്‍കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം ഏതാണ്ട് തീരുമാനിക്കപ്പെട്ടെന്ന രീതിയില്‍ വാര്‍ത്തകളും പുറത്തേക്കു വന്നു. പക്ഷേ കൂടുതല്‍ ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന ആവശ്യം ഘടക കക്ഷികളില്‍ നിന്നും പോഷക സംഘടനകളില്‍ നിന്നും പാര്‍ട്ടിക്കകത്തു നിന്നു തന്നെയും ഉയര്‍ന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതിനെതിരെ പ്രതിഷേധവും വിദ്യാര്‍ത്ഥി – യുവജന വിഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നു. ആര്‍ എം പി പിന്തുണ പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ കോണ്‍ഗ്രസ് നേതൃത്വം കടുത്ത സമ്മര്‍ദ്ദത്തിലായി.

ഒടുവില്‍ ഉമ്മന്‍ചാണ്ടി ഇടപെടുകയും കെ മുരളീധരനെ വിളിച്ച് വടകരയില്‍ മത്സരിക്കാന്‍ തയ്യാറാണോ എന്ന് ചോദിക്കുകയും ചെയ്തു. മുരളീധരന്‍ സമ്മതമറിയിച്ചതോടെ കാര്യങ്ങളെല്ലാം പെട്ടെന്ന് നടന്നു. ചെന്നിത്തലയും മുരളീധരനെ വിളിച്ചു. മുരളീധരന്‍ സമ്മതമറിയിച്ച കാര്യം ഉമ്മന്‍ചാണ്ടി മുല്ലപ്പള്ളിയെ അറിയിച്ചു. പിന്നെ തീരുമാനം വേഗത്തിലായി. അങ്ങനെ കോഴിക്കോട്ടെ മുന്‍ എം പിയായ കെ മുരളീധരന്‍ വടകരയില്‍ പി ജയരാജനെതിരെ മത്സരിക്കാന്‍ എത്തുകയാണ്. ഇരുമുന്നണികളിലെയും പ്രധാന പാര്‍ട്ടികളിലെ പ്രധാനപ്പെട്ട നേതാക്കള്‍ നേര്‍ക്കു നേര്‍ ഏറ്റുമുട്ടുന്നതു കൊണ്ട് താരപരിവേഷമുള്ള തെരഞ്ഞെടുപ്പ് പോരാട്ടമായി വടകരയിലെ മത്സരം മാറുകയാണ്.

Exit mobile version