കൊച്ചിയില്‍ നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി അപകടം; രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

അപകടത്തില്‍ കണ്ടെയ്‌നര്‍ ലോറിയുടെ എഞ്ചിന്‍ ക്യാബിന്‍ പൂര്‍ണമായും തകര്‍ന്നു.

കൊച്ചി: ആലുവയില്‍ നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. ആന്ധ്രയില്‍ നിന്നും എറണാകുളത്തേക്ക് മത്സ്യവുമായി വരികയായിരുന്ന കണ്ടെയ്‌നര്‍ ലോറിയാണ് തൂണിലേക്ക് ഇടിച്ചു കയറിയത്. ലോറിയിലുണ്ടായിരുന്ന ആന്ധ്ര നെല്ലൂര്‍ സ്വദേശികളായ യല്ലാണ്ടി മല്ലികാര്‍ജ്ജുനയും ഷെയ്ക്ക് ഹബീബ് ബാഷയുമാണ് മരിച്ചത്.

മെട്രോ പില്ലര്‍ നമ്പര്‍ 187ലേക്കാണ് ലോറി ഇടിച്ചുകയറിയത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. ഇന്ന് പുലര്‍ച്ചെ 1.50 നായിരുന്നു അപകടം. അപകടത്തില്‍ കണ്ടെയ്‌നര്‍ ലോറിയുടെ എഞ്ചിന്‍ ക്യാബിന്‍ പൂര്‍ണമായും തകര്‍ന്നു.

അതേസമയം, അപകടത്തിന് പിന്നാലെ പുലര്‍ച്ചെ നാല് മണിയോടെ വിമാനത്താവള പരിസരത്ത് നിന്നും വന്ന ഒരു കാര്‍ അപകടത്തില്‍ പെട്ട ലോറി കാണാന്‍ പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ പിന്നില്‍ മറ്റൊരു കാറിടിച്ചും അപകടമുണ്ടായി. ഈ അപകടത്തില്‍ ഒരാള്‍ക്ക് നിസാര പരിക്കേറ്റു.

Exit mobile version