ബിജെപി പുരോഗമനാശയങ്ങളുള്ള പ്രസ്ഥാനം; അമിത് ഷാ പറഞ്ഞതും ശരിയാണ് കോടതി വിധിയും ശരിയാണ്; നിലപാടില്‍ ആടിക്കളിച്ച് ഫട്‌നാവിസ്

മുംബൈ: ബിജെപിയും ആര്‍എസ്എസും പുരോഗമനാശയങ്ങളുള്ള പ്രസ്ഥാനങ്ങളാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. സ്ത്രീകളുടെ തുല്യതയ്ക്കുള്ള അവകാശത്തിന് നിലകൊള്ളുന്ന പ്രസ്ഥാനങ്ങളാണ് രണ്ടും, ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ വിശ്വാസികളുടെ വികാരങ്ങള്‍ കണക്കിലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിലും ഷാനി ഷിഗ്‌നാപുര്‍ വിഷയത്തിലും ബിജെപി സ്വീകരിക്കുന്നത് പരസ്പരവിരുദ്ധമായ നിലപാടാണെന്ന ആരോപണത്തെ അദ്ദേഹം തള്ളിക്കളഞ്ഞു. കേരളത്തില്‍ ഇടതുപക്ഷം ഭരിക്കുന്നതുകൊണ്ടല്ല യുവതികളുടെ ശബരിമല പ്രവേശനത്തെ എതിര്‍ക്കുന്നത്. ജനങ്ങള്‍ ഒറ്റ ദിവസംകൊണ്ട് മാറണം എന്നുപറഞ്ഞാല്‍ അത് നടക്കില്ല- അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയുടെ നിലപാട് ശരിയാണ്, അമിത് ഷായുടെ നിലപാടും ശരിയാണ്. പ്രായോഗികമാക്കാവുന്ന വിധികളേ കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടുള്ളൂ എന്ന അമിത് ഷായുടെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ഫട്നാവിസ് പറഞ്ഞു.

ഷാനി ഷിഗ്‌നാപുരില്‍ കോടതി വിധി നടപ്പാക്കാന്‍ സാധിച്ചത് ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനായതുകൊണ്ടാണ്. എന്നാല്‍ ഇപ്പോഴും അവിടെ സ്ത്രീകള്‍ കയറുന്നില്ല. സ്ത്രീകള്‍ കയറിയതുകൊണ്ട് കുഴപ്പമില്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിക്കണം. ജനങ്ങളുടെ വിശ്വാസങ്ങളെ മാറ്റുക എന്നത് ഒരു ദിവസംകൊണ്ട് സാധിക്കുന്ന കാര്യമല്ല, അതിന് സമയമെടുക്കും- അദ്ദേഹം പറഞ്ഞു.

Exit mobile version