അയോധ്യയിലെ ക്ഷേത്രം തെരഞ്ഞെടുപ്പ് വിഷയമാക്കേണ്ടെന്ന് യോഗി; ആര്‍എസ്എസ് ഏറ്റുപിടിച്ചതോടെ രാമക്ഷേത്രത്തെ കൈവിട്ട് ബിജെപി

ക്ഷേത്ര നിര്‍മ്മാണത്തില്‍ ബിജെപിയുടെ നിലപാടില്‍ മാറ്റമില്ലെന്നും എന്നാല്‍ പാര്‍ട്ടിക്ക് ഇതൊരു തെരഞ്ഞെടുപ്പ് പ്രശ്‌നമല്ലെന്നും

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രം തെരഞ്ഞെടുപ്പ് പ്രശ്‌നമല്ലെന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ക്ഷേത്ര നിര്‍മ്മാണത്തില്‍ ബിജെപിയുടെ നിലപാടില്‍ മാറ്റമില്ലെന്നും എന്നാല്‍ പാര്‍ട്ടിക്ക് ഇതൊരു തെരഞ്ഞെടുപ്പ് പ്രശ്‌നമല്ലെന്നും യോഗി പറഞ്ഞു.

2014ലെ പൊതു തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന തുറുപ്പു ചീട്ടായിരുന്നു അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന വാഗ്ദാനം. അതിനാല്‍ തര്‍ക്കത്തില്‍പ്പെട്ടു കിടക്കുന്ന സ്ഥലത്ത് ക്ഷേത്രം നിര്‍മ്മിക്കാന്‍ സുപ്രീം കോടതി വിധിക്കായി കാത്തിരിക്കുകയാണ് ബിജെപി. ക്ഷേത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച സുപ്രീം കോടതി വാദം കേള്‍ക്കാനിരിക്കേയാണ് ആദിത്യനാഥിന്റെ പരാമര്‍ശം.

‘രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ബിജെപി പറഞ്ഞത് ജനങ്ങളുടെ വികാരം മനസ്സിലാക്കിക്കൊണ്ടാണ്, അതിനെ തെരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി ബന്ധപ്പെടുത്തേണ്ടതില്ല’ ആദിത്യനാഥ് പറഞ്ഞു.

തെരഞ്ഞെടുപ്പ് കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയാഞ്ഞത് ചൂണ്ടിക്കാട്ടി ആര്‍എസ്എസ് ബിജെപിയെ വിമര്‍ശിച്ചിരുന്നു. ക്ഷേത്ര നിര്‍മ്മാണത്തിനായി പുതിയ നിയമം തന്നെ പാസാക്കണമെന്നാണ് ആര്‍എസ്എസിന്റെ ആവശ്യം.

Exit mobile version