ഇത് ‘ജയ് ജവാന്‍ ജയ് കിസാന്‍’ കാലമല്ല; ഇനി ‘ജയ് അനുസന്ധാന്‍’; പുതിയ മുദ്രാവാക്യവുമായി മോഡി

ജലന്ധര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡി പുതിയ മുദ്രാവാക്യം രാജ്യത്തിനായി സംര്‍പ്പിച്ചിരിക്കുകയാണ്. ‘ജയ് അനുസന്ധാന്‍’ (ഗവേഷണം ജയിക്കട്ടെ) എന്നാണ് തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ രാജ്യത്തെ ശാസ്ത്രസമൂഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പുതിയ മുദ്രാവാക്യ സംഭാവന. ജലന്ധറിലെ ലവ്ലി പ്രഫഷനല്‍ സര്‍വകലാശാലയില്‍ 106 ാം ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടന വേളയിലാണ് ജയ് ജവാന്‍, ജയ് കിസാന്‍, ജയ് വിജ്ഞാന്‍ മുദ്രാവാക്യത്തിനൊപ്പം ഇങ്ങനെ കൂട്ടിച്ചേര്‍ത്തത്. 3600 കോടി രൂപ മൂലധനത്തോടെ ‘നാഷനല്‍ മിഷന്‍ ഓണ്‍ ഇന്റര്‍ ഡിസിപ്ലിനറി സൈബര്‍ ഫിസിക്കല്‍ സിസ്റ്റം’ പ്രവര്‍ത്തനം ആരംഭിക്കുന്നതായും അദ്ദേഹം പ്രഖ്യാപിച്ചു.

ഗവേഷണവും വികസനവും (ആര്‍ ആന്‍ഡ് ഡി), ശാസ്ത്രസാങ്കേതിക വിദ്യ വികസനം, മനുഷ്യശേഷി – നൈപുണ്യ വികസനം, ഇന്നവേഷന്‍ – സ്റ്റാര്‍ട് അപ് സംരംഭങ്ങള്‍, രാജ്യാന്തര പങ്കാളിത്തം, സഹകരണം തുടങ്ങിയവയെല്ലാം ഇനി മിഷനു കീഴില്‍ വരും. ലോകത്തിന്റെ ശാസ്ത്ര നേട്ടങ്ങളെ മുന്നില്‍ നിന്നു നയിക്കാന്‍ ഇന്ത്യയെ പ്രാപ്തമാക്കുന്ന തരത്തില്‍ രാജ്യത്തെ ഗവേഷണ രംഗം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും മനുഷ്യത്വവും സാമൂഹികശാസ്ത്രവും സാങ്കേതികവിദ്യയും ശാസ്ത്രവും ഉള്‍പ്പെടുന്ന മഹത്തായ കലയാണു ഗവേഷണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ ശാസ്ത്രസംഗമമായ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ 60 രാജ്യങ്ങളില്‍ നിന്നുള്ള കാല്‍ ലക്ഷത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. വനിതാ ശാസ്ത്ര കോണ്‍ഗ്രസും ബാലശാസ്ത്ര കോണ്‍ഗ്രസും ഇതോടൊപ്പം നടക്കുന്നു.

Exit mobile version