തലശ്ശേരിക്കാര്‍ പേരിട്ട മുംബൈയിലെ മലബാര്‍ ഹില്‍സിന്റെയും പേരു മാറ്റുന്നു; ‘രാം നഗരി’യാക്കാന്‍ ശിവസേന; രാമലക്ഷ്മണന്മാരുടെ വിശ്രമ കേന്ദ്രമെന്ന് വാദം

മലബാര്‍ ഹില്‍സിന്റെ പേര് മാറ്റി 'രാം നഗരി' എന്നാക്കി മാറ്റണമെന്നാണ് ശിവസേന ആവശ്യപ്പെട്ടിരിക്കുന്നത്.

മുംബൈ: മുംബൈയിലെ അതിപ്രശസ്തമായ റസിഡന്‍ഷ്യല്‍ ഏരിയയിലും പേരുമാറ്റല്‍ രാഷ്ട്രീയം പയറ്റാനൊരുങ്ങി സംഘപരിവാര്‍. പണക്കാരുടെയും രാഷ്ട്രീയക്കാരുടെയും വസതികള്‍ സ്ഥിതിചെയ്യുന്ന മെുംബൈയിലെ മലബാര്‍ ഹില്‍സിന്റെ പേര് മാറ്റുമെന്ന് ശിവസേന. മലബാര്‍ ഹില്‍സിന്റെ പേര് മാറ്റി ‘രാം നഗരി’ എന്നാക്കി മാറ്റണമെന്നാണ് ശിവസേന ആവശ്യപ്പെട്ടിരിക്കുന്നത്.

രാമലക്ഷ്മണന്മാര്‍ സീതയെ തേടുന്നതിനിടെ വിശ്രമിച്ച സ്ഥലമാണ് മലബാര്‍ ഹില്‍സ് എന്ന വിചിത്ര വാദം കൊണ്ടാണ് ശിവസേന ഈ പേരുമാറ്റത്തെ ന്യായീകരിക്കുന്നത്. പേരുമാറ്റം ശിവസേനയുടെ ഭരണത്തിലുള്ള മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഡിസംബര്‍ 13ന് ചര്‍ച്ച ചെയ്യും. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യം ആയതിനാല്‍ ബിജെപി പേരുമാറ്റത്തെ എതിര്‍ക്കാന്‍ സാധ്യതയില്ല.

തലശേരിയിലുള്ള കേയി കുടുംബത്തിന്റെ കൈവശമിരുന്ന പ്രദേശമായിരുന്നതിനാലാണ് മലബാര്‍ ഹില്‍സിന് ആ പേര് ലഭിച്ചതെന്ന് കൗതുകകരമായ വസ്തുതയാണ്.തലശേരിയില്‍ വേരുകളുള്ള കേയി കുടുംബത്തിനു രാജ്യത്തൊട്ടാകെ വ്യാപാര ശൃംഖലകളുണ്ടായിരുന്നു.

മുംബൈയിലെ വ്യാപാരികള്‍ ഈ കുടുംബത്തിലെ കപ്പലുടമകളെ വിളിച്ചിരുന്ന ‘കേയി’ എന്ന വാക്ക് പിന്നീട് കുടുംബപ്പേരായി മാറുകയായിരുന്നു. കേയി കുടുംബം മലബാറില്‍ നിന്ന് വന്ന കടല്‍ക്കൊള്ളക്കാരാണെന്നാണ് ശിവസേന പറയുന്നത്. എന്നാല്‍ പഴശ്ശിരാജയ്‌ക്കൊപ്പം നിന്ന് പോരാടിയതിന് ബ്രിട്ടീഷുകാര്‍ കേയി കുടുംബത്തെ കൊള്ളക്കാര്‍ എന്ന് വിളിക്കുകയാണുണ്ടായത്. ഈ ചരിത്രത്തെ പോലും തച്ചുടച്ചാണ് ശിവസേന പ്രദേശത്തിന്റെ പേരുമാറ്റാന്‍ ഒരുങ്ങുന്നത്.

Exit mobile version