ഇനി ഉപതെരഞ്ഞെടുപ്പ് കാലമാണ്, ബിജെപിയെ തടയാന്‍ എന്താണ് ഇരുമുന്നണികളുടെയും പദ്ധതി

വരാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പ് മാമാങ്കം അത്ര ചെറിയ കളിയല്ല

ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞു. അക്കൗണ്ട് തുറക്കാന്‍ റെഡിയായി ഇരുന്ന ബിജെപി കേരളത്തില്‍ ഇത്തവണയും ബാങ്ക് അക്കൗണ്ട് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പക്ഷേ ഇനി നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ കാലമാണ്. സിറ്റിങ്ങ് എംഎല്‍എമാരെ രംഗത്തിറക്കി ഭരണപക്ഷവും പ്രതിപക്ഷവും നടത്തിയ ലോക്സഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ബാക്കി പത്രമായി നാല് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് വരുന്നത്. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍ എറണാകുളം മണ്ഡലങ്ങളിലാണ് എംഎല്‍എമാര്‍ എംപിമാരായതിനെത്തുടര്‍ന്ന് തെരഞ്ഞടുപ്പ് നടക്കാനിരിക്കുന്നത്. സിറ്റിങ്ങ് എംഎല്‍എമാരായിരുന്ന പിബി അബ്ദുള്‍ റസാഖും കെഎം മാണിയും അന്തരിച്ചതിനെ തുടര്‍ന്ന് മഞ്ചേശ്വരത്തും പാലായിലും ഉപതെരഞ്ഞെടുപ്പ് നടക്കും.

ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ആറു മണ്ഡലങ്ങളില്‍ അഞ്ചെണ്ണവും യുഡിഎഫിന്റെ സിറ്റിങ്ങ് സീറ്റുകളാണ്. അരൂര്‍ മാത്രമാണ് എല്‍ഡിഎഫിന്റെ കൈവശമുള്ള മണ്ഡലം. പക്ഷേ യുഡിഎഫിന്റെ മണ്ഡലമോ എല്‍ഡിഎഫിന്റെ മണ്ഡലമോ എന്ന ഘടകമാവില്ല ഇത്തവണ ഉപതെരഞ്ഞെടുപ്പില്‍ കൂടുതലായി ശ്രദ്ധിക്കപ്പെടുക. ഇത്തവണ കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന ഘടകം ബിജെപി കേരള നിയമസഭയിലെ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിന് ഈ തെരഞ്ഞെടുപ്പ് വഴിയൊരുക്കുമോ എന്നതാവും.

അതിനുള്ള കാരണം മറ്റൊന്നുമല്ല, 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി രണ്ടാം സ്ഥാനത്തെത്തിയ രണ്ട് മണ്ഡലങ്ങള്‍ ഈ ആറെണ്ണത്തിന്റെ പട്ടികയിലുണ്ട് എന്നതു കൊണ്ടാണ്. വട്ടിയൂര്‍ക്കാവും മഞ്ചേശ്വരവും. വട്ടിയൂര്‍ക്കാവില്‍ 7,622 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ മുരളീധരന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തിയത്. മഞ്ചേശ്വരത്താവട്ടെ അന്തരിച്ച പിബി അബ്ദുള്‍ റസാഖിനോട് വെറും 89 വോട്ടുകളുടെ വ്യത്യാസത്തിലാണ് ബിജെപിയുടെ കെ സുരേന്ദ്രന്‍ അടിയറവ് പറഞ്ഞത്.

ലോക്സഭാ തെരഞ്ഞെടുപ്പിലാവട്ടെ വട്ടിയൂര്‍ക്കാവിലെ കണക്ക് ബിജെപിയ്ക്ക് കൂടുതല്‍ ആത്മവിശ്വാസം പകരുന്നതാണ്. ശശിതരൂര്‍ നേടിയത് 53,545 വോട്ട്. കുമ്മനം രാജശേഖരന് 50,709 വോട്ട് കിട്ടുകയും ചെയ്തു. 2,836 വോട്ടിന്റെ ഭൂരിപക്ഷം മാത്രം. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായ ടിഎന്‍.സീമയ്ക്ക് 40,441 വോട്ടു കിട്ടിയിരുന്നു. പക്ഷേ ലോക്സഭാ തിരഞ്ഞടുപ്പില്‍ സി ദിവാകരനു കിട്ടിയത് 29, 414 വോട്ടുമാത്രം. എല്‍ഡിഎഫില്‍ നിന്ന് ഇത്രയും വോട്ട് ചോര്‍ന്നിട്ടും ശശി തരൂരിന്റെ ഭൂരിപക്ഷം മൂവായിരത്തില്‍ താഴെ മാത്രമായത് എല്‍ഡിഎഫിനും യുഡിഎഫിനും നല്‍കുന്ന സൂചന അത്ര നല്ലതല്ല.

മഞ്ചേശ്വരം മണ്ഡലത്തില്‍ 2016ല്‍ സുരേന്ദ്രന്‍ പരാജയപ്പെട്ടത് 89 വോട്ടുകളുടെ വ്യത്യാസത്തിലാണെങ്കില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ ബിജെപിയുടെ രവീശതന്ത്രി കണ്ഠരരേക്കാള്‍ 11,113 വോട്ടുകള്‍ കൂടുതലായി നേടിയിട്ടുണ്ട്. ഇത് ബിജെപി ഇതര മുന്നണികള്‍ക്ക് ആശ്വാസം പകരുന്ന കണക്കാണ്. 2016ല്‍ മഞ്ചേശ്വരത്ത് ഇടതുമുന്നണി നേടിയത് 42565 വോട്ടുകളായിരുന്നുവെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടിയത് 32,796 വോട്ടുകളാണ്. ഇടതു മുന്നണിയുടെ വോട്ടുകളിലുണ്ടായ കുറവ് അതേപടി യുഡിഎഫിന്റെ ഭൂരിപക്ഷത്തില്‍ പ്രതിഫലിച്ചതും ബിജെപി വിരുദ്ധമുന്നണികള്‍ക്ക് ആശ്വാസമേകുന്നതാണ്.

മറ്റൊരു മണ്ഡലം അടൂര്‍ പ്രകാശിന്റെ കോന്നിയാണ്. 2016ല്‍ ഇവിടെ 16,713 വോട്ടുകള്‍ മാത്രം നേടിയ ബിജെപി ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടിയത് 46,506 വോട്ടുകളാണ്. ആന്റോ ആന്റണിക്ക് 49,667 വോട്ടും വീണാ ജോര്‍ജിന് 46,946 വോട്ടുകളും. അതായത് ശക്തമായ ത്രികോണ മത്സരം തന്നെ. യുഡിഎഫിന്റെ വോട്ടകളില്‍ ഇരുപതിനായിരത്തില്‍ പരവും എല്‍ഡിഎഫ് വോട്ടുകളില്‍ ആറായിരത്തോളവും കറവു വന്നത് ബിജെപിയിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു.

അതായത് വരാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പ് മാമാങ്കം കേരളത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളെ സംബന്ധിച്ച് അത്ര ചെറിയ കളിയല്ല എന്ന് ചുരുക്കം. ബിജെപിയെ അകറ്റിനിര്‍ത്തുന്നു എന്ന അവകാശവാദം തുടര്‍ന്നും പറയണമെങ്കില്‍ അവസാനത്തെ അടവുകള്‍ തന്നെ പുറത്തെടുക്കേണ്ടി വരും. ഇതില്‍ ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദത്തിലാവുക യുഡിഎഫായിരിക്കും. കാരണം ബിജെപി സാധ്യത കാണുന്ന മൂന്ന് മണ്ഡലങ്ങളും നിലവില്‍ യുഡിഎഫിന്റെ കൈയ്യിലാണ്. അതില്‍ മഞ്ചേശ്വരത്തു മാത്രമാണ് ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് വന്നത്. വട്ടിയൂര്‍ക്കാവിലും കോന്നിയിലും ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് ഉണ്ടാക്കിയതാണെന്ന ആരോപണം അവര്‍ നേരിടേണ്ടി വരും. അതുകൊണ്ടു തന്നെ ബിജെപിയുടെ വിജയം തടയാന്‍ കഴിഞ്ഞാല്‍ യുഡിഎഫ് അത് അവരുടെ രാഷ്ട്രീയ നേട്ടമായി ഉയര്‍ത്തിക്കാട്ടുകയും ചെയ്യും.

Exit mobile version