വയനാടന്‍ ചുരത്തിലെ രാഹുലും കോര്‍പ്പറേറ്റ് ഫണ്ടും

ചൗക്കീദാര്‍ ചോര്‍ ഹേ എന്ന ഹിറ്റായ ടാഗ്‌ലൈന്‍ കൊണ്ടു വരികയും മോദിയെയും ബി ജെ പിയെയും അതിനു ചുറ്റും കറങ്ങാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്തയാള്‍ അമേഠിയിലെ സ്ഥാനാര്‍ത്ഥിത്വത്തെയും പരാജയ ഭീതിയെയും കുറിച്ച് പ്രതികരിക്കേണ്ട ഗതികേടിലായി.

വീട്ടിലേക്ക് കയറിവന്ന ഭിക്ഷക്കാരനോട് ഇവിടെയൊന്നുമില്ല എന്ന് പറഞ്ഞ് അനന്തരവന്‍ മടക്കി അയച്ചതു കണ്ട് അമ്മാവന്‍ അകത്തു നിന്ന് ഉമ്മറത്തേക്കിറങ്ങി വന്നു. ഭിക്ഷക്കാരനെ കൈ കൊട്ടി തിരികെ വിളിച്ചു. ഭിക്ഷക്കാരന്‍ തിരികെ വന്നപ്പോള്‍ അമ്മാവന്‍ വളരെ ആധികാരികമായി പറഞ്ഞു – ഇവിടെയൊന്നുമില്ല, പൊയ്‌ക്കോളൂ. വീട്ടില്‍ എന്തെങ്കിലുമുണ്ടോ എന്ന് പറയാനുള്ള തന്റെ അധികാരത്തില്‍ കൈ കടത്തിയ മരുമകനോടുള്ള ഈര്‍ഷ്യയായിരുന്നു അമ്മാവന്റെ നടപടിക്കു പിന്നില്‍.

ഈ കഥയിലേതിനു സമാനമായ അവസ്ഥയായിരുന്നു കഴിഞ്ഞയാഴ്ച കേരളം കണ്ടു കൊണ്ടിരുന്നത്. രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്നാവശ്യപ്പെട്ടുവെന്നും ഹൈക്കമാന്‍ഡ് അനുകൂലമായി പ്രതികരിച്ചുവെന്നും മുന്‍ മുഖ്യമന്ത്രി, പിന്നാലെ അതുതന്നെ കെ പി സി സി അദ്ധ്യക്ഷന്‍, വീണ്ടും അതുതന്നെ പ്രതിപക്ഷ നേതാവ്. ഒരാഴ്ച കഴിഞ്ഞപ്പോഴാവട്ടെ ഇത് തിരുത്തി രാഹുല്‍ മത്സരിക്കണമെന്നാവശ്യപ്പെട്ടിട്ടേയുള്ളൂ എന്നു പറയുന്നതിലും സമാനമായ അവസ്ഥയാണ്.

എന്തായാലും രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന പ്രചാരണം കൊണ്ട് എന്താണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ നേടിയത്. കേരളത്തില്‍ യു ഡി എഫ് വന്‍ നേട്ടമുണ്ടാവുമെന്ന ആദ്യഘട്ട സര്‍വേഫലങ്ങള്‍ ഏറ്റവും കൂടുതല്‍ ഉയര്‍ത്തിക്കാണിക്കുന്നത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ്. അങ്ങനെയാണെങ്കില്‍ പിന്നെ കേരളത്തില്‍ നേട്ടമുണ്ടാക്കാന്‍ രാഹുല്‍ മത്സരിക്കേണ്ട കാര്യമില്ല (രാഹുലും സോണിയയും മത്സരിച്ച ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസ് എത്ര സീറ്റുകള്‍ തൂത്തുവാരിയെന്ന രാഷ്ട്രീയ ശത്രുക്കളുടെ ചോദ്യം ഒഴിവാക്കാം). ഈ പ്രചാരണം കൊണ്ട് ആകെയൊരു മാറ്റമേ ഉണ്ടാക്കാനായിട്ടുള്ളൂ. രാഹുല്‍ ഗാന്ധി ബി ജെ പിയെയും നരേന്ദ്രമോദിയെയും സ്മൃതി ഇറാനിയെയും ഭയന്ന് അമേഠിയില്‍ നിന്ന് ഒളിച്ചോടുകയാണെന്ന പ്രചാരണം ദേശീയ തലത്തില്‍ നടത്താന്‍ ബി ജെ പിയ്ക്ക് വഴിയൊരുക്കിക്കൊടുത്തു.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ നരേന്ദ്രമോദിയുടെ എതിരാളി എന്ന പ്രതിഛായ രാഹുല്‍ ഗാന്ധി ഉണ്ടാക്കിയെടുത്തിട്ടുണ്ടെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. വിവിധ വിഷയങ്ങളില്‍ നടത്തിയ പ്രതികരണങ്ങളും ഉത്തരേന്ത്യയില്‍ നടത്തിയ ജനസംവാദ പരിപാടികളും അടക്കമുള്ള പ്രവര്‍ത്തനങ്ങളിലൂടെ ബോധപൂര്‍വം ഉണ്ടാക്കിയെടുത്തതു തന്നെയാണ് ആ പ്രതിഛായ. കോണ്‍ഗ്രസിന്റെ നയങ്ങളാണ് ബി ജെ പിയെ വളര്‍ത്തിയതെന്നും ബി ജെ പിയും കോണ്‍ഗ്രസും അല്ലാത്ത ഒരു ബദലാണ് ഇന്ത്യയില്‍ വേണ്ടതെന്നുമൊക്കെ പറയുന്ന ഇടതുകക്ഷികള്‍ പോലും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി ബി ജെ പിയെ ചെറുക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നുണ്ടാവില്ല. അങ്ങനെ നില്‍ക്കുന്ന ഒരു സാഹചര്യത്തിലാണ് ടെലിവിഷന്‍ ക്യാമറകള്‍ക്കും റിപ്പോര്‍ട്ടര്‍മാര്‍ നീട്ടിയ മൈക്കുകള്‍ക്കും മുന്‍പില്‍ നടത്തിയ ഒരൊറ്റ പ്രസ്താവന കൊണ്ട് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം അവരുടെ ദേശീയ നേതൃത്വത്തെയും അദ്ധ്യക്ഷനെയും പ്രതിസന്ധിയിലാക്കിക്കളഞ്ഞത്.

ചൗക്കീദാര്‍ ചോര്‍ ഹേ എന്ന ഹിറ്റായ ടാഗ്‌ലൈന്‍ കൊണ്ടു വരികയും മോദിയെയും ബി ജെ പിയെയും അതിനു ചുറ്റും കറങ്ങാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്തയാള്‍ അമേഠിയിലെ സ്ഥാനാര്‍ത്ഥിത്വത്തെയും പരാജയ ഭീതിയെയും കുറിച്ച് പ്രതികരിക്കേണ്ട ഗതികേടിലായി. കോണ്‍ഗ്രസ് ദേശീയ വക്താക്കളുടെ വാര്‍ത്താ സമ്മേളനങ്ങളില്‍ രാഹുലിന്റെ മണ്ഡലം ഏതായിരിക്കുമെന്നും അവിടെ വിജയിക്കുമോ എന്നും വിജയിച്ചാല്‍ തന്നെ മണ്ഡലം നിലനിര്‍ത്തുമോ എന്നുമൊക്കെ വിശദീകരിക്കേണ്ടി വന്നു. ഈ തെരഞ്ഞെടുപ്പിന് മുമ്പ് ചര്‍ച്ചയായിരുന്ന ജീവിത പ്രശ്‌നങ്ങളൊക്കെ മാറി കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ പരാജയഭീതി തെരഞ്ഞെടുപ്പ് ചര്‍ച്ചയായി.

ദേശീയ രാഷ്ട്രീയത്തിലെ തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ ഇങ്ങനെയൊരു ട്വിസ്റ്റ് ഉണ്ടാക്കിയതിലൂടെ കെ പി സി സി നേതാക്കള്‍ എന്തായിരിക്കും ഉദ്ദേശിച്ചത്. അല്ലെങ്കില്‍ എന്തായിരിക്കും അതുകൊണ്ടുള്ള നേട്ടം. സ്വാഭാവികമായും ഐ ഗ്രൂപ്പിന്റെ കൈവശമുള്ള സീറ്റ് എ ഗ്രൂപ്പിന് കൈവശപ്പെടുത്താന്‍ കഴിഞ്ഞതിനു ശേഷം സ്വന്തം സ്ഥാനാര്‍ത്ഥിയ്ക്ക് അച്ചടക്കമുള്ള രക്തസാക്ഷി പരിവേഷമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടാവാം. ആ സീറ്റിന്റെ അവകാശം പാര്‍ട്ടിക്കുള്ളില്‍ ഉറപ്പിച്ചു കിട്ടിയിട്ടുണ്ടാവാം. അതുകൊണ്ടാണല്ലോ തുടക്കത്തില്‍ പറഞ്ഞ അമ്മാവന്റെ കഥ പോലെ രാഹുല്‍ എപ്പിസോഡ് ആരാദ്യം പുറത്തു വിടണമെന്നതൊക്കെ വലിയ പ്രശ്‌നമാവുന്നത്. ഇനി അതല്ലാതെ കേരളത്തില്‍ അത്ര വിജയസാദ്ധ്യതയില്ലാത്ത സീറ്റില്‍ നിന്ന് പിന്മാറിയ ഒരു ദേശീയ നേതാവ് സുരക്ഷിത മണ്ഡലത്തിലേക്ക് പറന്നു വരലുമാവാം. പക്ഷേ അതിനുമപ്പുറം എന്തെങ്കിലും ഇതില്‍ ഒളിഞ്ഞു കിടക്കുന്നുണ്ടോ

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായ വിഷയങ്ങളെന്തെന്ന് എല്ലാവര്‍ക്കുമറിയാം. 56 ഇഞ്ച് നെഞ്ചളവിന്റെ അതിമാനുഷികത തന്നെയായിരുന്നു പ്രധാനമായും ചര്‍ച്ചയായത്. ചായക്കച്ചവടവും മുതലയെപ്പിടിക്കലും അടക്കമുള്ള കഥകളായിരുന്നു പ്രചാരണ വിഷയങ്ങള്‍. ഇതിനു പുറമെ വിദേശ രാജ്യങ്ങളിലെ ബസ് ടെര്‍മിനലുകളുടെയും മറ്റും ചിത്രങ്ങള്‍ ഗുജറാത്തിലെ വികസന നായകന്റെ നേട്ടങ്ങളെന്ന് പറഞ്ഞ് ചില പ്രത്യേക കേന്ദ്രങ്ങളില്‍ നിന്ന് പ്രചരിച്ചു കൊണ്ടിരുന്നു. ഇത്തരം പ്രചാരണങ്ങളുടെയെല്ലാം പിറകില്‍ ഇന്ത്യയിലെ കോര്‍പ്പറേറ്റുകളും അവര്‍ ഒഴുക്കിയ അളവില്ലാത്ത പണവുമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നീട് എടുത്ത നടപടികളിലും നടത്തിയ വിദേശ യാത്രകളിലുമെല്ലാം ആ കോര്‍പ്പറേറ്റ് പണത്തോടുള്ള നന്ദി പ്രകടമായിത്തന്നെ കാണിക്കുകയും ചെയ്തു. ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളിലും പാര്‍ലമെന്ററി നടപടികളിലുമൊക്കെ സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കോര്‍പ്പറേറ്റുകള്‍ നടത്തുന്ന ഇടപെടലുകള്‍ ആദ്യത്തെ സംഭവവുമല്ല. കോണ്‍ഗ്രസും കോര്‍പ്പറേറ്റ് വിരുദ്ധരൊന്നുമല്ല. രണ്ടാം യു പി എ സര്‍ക്കാരിന്റെ കാലത്ത് പെട്രോളിയം ഉല്പന്നങ്ങളുടെ വില നിയന്ത്രണം എടുത്തു കളയാന്‍ കഴിയില്ലെന്ന നിലപാടെടുത്ത വീരപ്പമൊയ്‌ലിയെ മാറ്റി കോര്‍പ്പറേറ്റുകള്‍ കുനിഞ്ഞു നില്‍ക്കാന്‍ പറഞ്ഞാല്‍ മുട്ടിലിഴയുന്ന, റിലയന്‍സിന്റെ വിശ്വസ്തനായ മുരളി ദേവ്‌റയെ പെട്രോളിയം മന്ത്രിയാക്കിക്കൊടുത്തിട്ടുണ്ട് കോണ്‍ഗ്രസ്. കൂടുതല്‍ ശക്തമായി അവരുടെ താല്പര്യങ്ങള്‍ നടപ്പാക്കാന്‍ കഴിയുന്ന, നന്ദി കാണിക്കുന്നതിനുള്ള നടപടികള്‍ക്കിടയില്‍ പൊതുജനമെന്ന കഴുതയെ കോണ്‍ഗ്രസിന്റെ അത്ര പോലും കണക്കിലെടുക്കാത്ത നരേന്ദ്രമോദിയെന്ന പുതിയ സുഹൃത്തിനെ കിട്ടിയപ്പോള്‍ അവര്‍ കോണ്‍ഗ്രസിനെ കൈവിട്ട് മോദിയെ പിടിച്ചുവെന്നേയുള്ളൂ.

ചായക്കഥകളും മുതലക്കഥകളുമൊക്കെ പ്രചരിപ്പിക്കാന്‍ കോര്‍പ്പറേറ്റുകള്‍ പണം ചെലവഴിച്ചതിനെക്കുറിച്ച് ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഏറെ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട് കോണ്‍ഗ്രസും അതിന്റെ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും. ഇപ്പോഴും അത്തരം ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ടിരിക്കുന്നുമുണ്ട്. ലഭ്യമായ കണക്കുകളനുസരിച്ച് ഇപ്പോള്‍ രാഷ്ട്രീയ രംഗത്ത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടും മറ്റും ഒഴുക്കുന്ന കോര്‍പ്പറേറ്റ് ഫണ്ടിന്റെ സിംഹഭാഗവും ഇപ്പോള്‍ ലഭിക്കുന്നത് ബി ജെ പിക്കാണ്. അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന പ്രചാരണ വിഷയങ്ങള്‍ തീരുമാനിക്കുന്നതില്‍ കോര്‍പ്പറേറ്റ് സ്വാധീനമുണ്ടെന്നത് നിഷേധിക്കാന്‍ കോണ്‍ഗ്രസിനു പോലും കഴിയില്ല. അങ്ങനെയിരിക്കുമ്പോഴാണ് പ്രചാരണ വിഷയത്തെ സ്വാധീനിക്കുന്ന തരത്തില്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടല്‍.

കഴിഞ്ഞ തവണത്തെപ്പോലെ നെഞ്ചളവും മുതലയെപ്പിടിക്കലും ചായവില്‍ക്കലുമൊന്നും അത്ര ഏശാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. അതിനുള്ള കാരണങ്ങളില്‍ നോട്ട് നിരോധനത്തിനും ബീഫ് നിരോധനത്തിനും ഒക്കെ പിറകെ ഈ രാജ്യത്തെ ജനങ്ങള്‍ അനുഭവിച്ച ദുരിതങ്ങളുണ്ട്. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളും അതേറ്റെടുത്ത് കിസാന്‍സഭയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ നടത്തിയ ഐതിഹാസിക സമരങ്ങളുണ്ട്. ഈ പശ്ചാത്തലത്തില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ രാജ്യത്തെ പൊതു സമൂഹത്തിന് നല്‍കിയ സന്ദേശമുണ്ട്. ഇതെല്ലാം നിറഞ്ഞു നില്‍ക്കേണ്ട ഒരു തെരഞ്ഞെടുപ്പില്‍ പെട്ടെന്ന് മോദിയുടെ എതിരാളിയുടെ പരാജയഭീതി വലിയ ചര്‍ച്ചയാക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ മുന്‍കയ്യെടുത്തത് എന്തു കൊണ്ടാണ്. ‘പണ്ടത്തെപ്പോലെയല്ല, ഇപ്പോള്‍ പണമില്ല’ എന്ന്‌ പ്രാരാബ്ധം പറയുന്നവര്‍ ആ പ്രാരാബ്ധം തീര്‍ക്കാന്‍ കോര്‍പ്പറേറ്റ് സഹായം സ്വീകരിച്ച് ഒരു ചെറിയ പ്രത്യുപകാരം ചെയ്തു കൊടുത്തിട്ടുണ്ടോ. കേരളത്തില്‍ പ്രത്യേകിച്ച് നഷ്ടമൊന്നുമുണ്ടാവില്ലെന്ന വിശ്വാസമുള്ളതു കൊണ്ട് ദേശീയതലത്തില്‍ എന്തു സംഭവിച്ചാലും പാര്‍ട്ടിക്കുള്ളില്‍ കേരള നേതാക്കളുടെ സ്ഥാനം സുരക്ഷിതവുമായിരിക്കുമല്ലോ.

ഇന്ത്യയില്‍ തെരഞ്ഞൈടുപ്പു രംഗത്തേക്ക് കോര്‍പ്പറേറ്റ് പണം ഒഴുകുന്നത് ആദ്യമായൊന്നുമല്ല. പണ്ട്‌ അതില്‍ കോണ്‍ഗ്രസിന് പ്രശ്‌നമൊന്നും തോന്നിയിരുന്നുമില്ല. പക്ഷേ കഴിഞ്ഞ അഞ്ച് വര്‍ഷമായിട്ടെങ്കിലും തെരഞ്ഞെടുപ്പിന്റെ ട്രെന്‍ഡും പ്രചാരണ വിഷയങ്ങളും നിയന്ത്രിച്ചു നിര്‍ത്താനായി ഒഴുകുന്ന കോര്‍പ്പറേറ്റ് പണത്തെപ്പറ്റി ആരോപണമുന്നയിക്കുകയും ആശങ്കപ്പെടുകയും ചെയ്യുന്നവരില്‍ കോണ്‍ഗ്രസുണ്ട്. അതിന്റെ ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മറ്റു നേതാക്കളുമുണ്ട്. അതിന്റെ പശ്ചാത്തലത്തിലെങ്കിലും മുകളിലുന്നയിച്ച ചോദ്യത്തിന് മറുപടി പറയാന്‍ കോണ്‍ഗ്രസിന് ബാധ്യതയുണ്ട്. കെ പി സി സിയുടെ ഫണ്ട് റൈസര്‍ എന്നൊക്കെ പേര് കേട്ടിരുന്നവര്‍ ഈ ട്വിസ്റ്റിന് ചുക്കാന്‍ പിടിക്കുമ്പോള്‍ പ്രത്യേകിച്ചും.

Exit mobile version