മാപ്പെഴുതിക്കൊടുക്കുന്ന അത്ര എളുപ്പമല്ല പരിവാരമേ ഉയരുന്ന മുഷ്ടികളും ചിന്തകളും തടയാന്‍

ആരെ ജയിപ്പിക്കണമെന്ന് ഇന്ത്യയ്ക്ക് നന്നായി അറിയാം

സംഘപരിവാര്‍ ഇന്ത്യ ഭരിക്കുന്ന സമകാലിക രാഷ്ട്രീയ സാഹചര്യത്തില്‍ സര്‍വകാലാശാലകള്‍ ആക്രമിക്കപ്പെടുന്നത്, ഇന്ത്യയുടെ തലച്ചോറായി വളര്‍ന്നു വരേണ്ട വിദ്യാര്‍ത്ഥികള്‍ മാനസികമായും ശാരീരികമായുമൊക്കെ ആക്രമിക്കപ്പെടുന്നത് ഒക്കെ ഒരു വാര്‍ത്തയേ അല്ലാതായി മാറിയിരിക്കുന്നു. ഫാസിസത്തിനെതിരായ പോരാട്ടങ്ങള്‍ ആദ്യം ഉയര്‍ന്നു വരുന്നത് ചിന്തിക്കുന്ന തലച്ചോറുകളുള്ള കേന്ദ്രങ്ങളില്‍ നിന്നാണെന്ന് സംഘപരിവാറിന് നന്നായി അറിയാം. അതുകൊണ്ട് തന്നെയാണ് ഏതൊരു പ്രശ്‌നമുണ്ടാവുമ്പോഴും അവര്‍ സര്‍വകലാശാലകളെ ലക്ഷ്യം വെക്കുന്നതും.

രോഹിത് വെമുല പ്രശ്‌നത്തില്‍ ഹൈദരാബാദ് സര്‍വകലാശാല, പൗരത്വ പ്രശ്‌നത്തില്‍ അലിഗഡ്, ജാമിയ സര്‍വകലാശാലകള്‍, ഇപ്പോള്‍ ഫീസ് വര്‍ദ്ധന വിരുദ്ധ സമരത്തിന്റെ പേരില്‍ ജെഎന്‍യു. ജെഎന്‍യു ഇതാദ്യമല്ല, രണ്ടാം തവണയാണ് മോദി ഭരണത്തിന്റെ തണലില്‍ സംഘപരിവാര്‍ ആക്രമണത്തിന് വിധേയമാവുന്നത്. ഈ സര്‍വകലാശാലകളിലെല്ലാം ഉയരുന്ന എതിര്‍പ്പിന്റെ സ്വരങ്ങളെ നിശബ്ദമാക്കുക, ഭയത്തിന്റെ അന്തരീക്ഷം വളര്‍ത്തുക എന്നതൊക്കെത്തന്നെയാണ് പല രീതിയില്‍ നടത്തുന്ന ഈ ആസൂത്രിത ആക്രമണങ്ങളുടെ ലക്ഷ്യം.

ഇത്തവണ ജെഎന്‍യുവില്‍ നടന്ന സംഘപരിവാര്‍ ഗുണ്ടാ ആക്രമണം എല്ലാ പരിധികളും വിട്ടതായിരുന്നു. സാധാരണ ഗതിയില്‍ അധികാരത്തിന്റെ തണലില്‍ പൊലീസിനെയോ മറ്റ് മര്‍ദ്ദന ഉപകരണങ്ങളെയോ ഉപയോഗിച്ച് നടത്താറുള്ള ആക്രമണം, ഇത്തവണ പൊലീസിന്റെ തണലില്‍ സംഘപരിവാറുകാര്‍ നേരിട്ട് നടത്തി. മുഖം മൂടി ധരിച്ച് ആസൂത്രിതമായി കാമ്പസില്‍ കടന്നു കയറി നടത്തിയ പരസ്യമായ ഗുണ്ടാ ആക്രമണം. ഈ ആക്രമണം ആര്‍എസിഎസിന്റെ നേതൃത്വത്തില്‍ നടന്ന ആസൂത്രിതമായ സംഘപരിവാര്‍ ആക്രമണമായിരുന്നു എന്നതിന് വാട്‌സ്ആപ്പ് ചാറ്റുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പുറത്തു വന്നിട്ടുണ്ട്.

പക്ഷേ ആര്‍ക്കെതിരെയും പൊലീസ് നടപടിയൊന്നുമെടുത്തിട്ടില്ല. ക്യാമ്പസില്‍ മാരകായുധങ്ങളുമായി അതിക്രമിച്ചു കയറിയതും വിദ്യാര്‍ത്ഥികളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതും അദ്ധ്യാപകരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതും ഹോസ്റ്റല്‍ അടിച്ചു തകര്‍ത്ത് പൊതുമുതല്‍ നശിപ്പിച്ചതുമൊക്കെയായി ഒരുപാട് വകുപ്പുകളുണ്ടെങ്കിലും അക്രമികള്‍ക്കെതിരെ എല്ലാ പരാതികളും ചേര്‍ത്ത് ഒരു കേസ് മാത്രമാണ് എടുത്തത്. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും എതിരെ പല വകുപ്പുകളില്‍ കേസുകള്‍ എടുത്തു കൊണ്ടിരിക്കുന്നു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഭരിക്കുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഡല്‍ഹി പോലീസിന് ഇത്തവണ അസൈന്‍ ചെയ്തിട്ടുള്ള ഡ്യൂട്ടി അതാണ്. ആക്രമണം നടക്കുന്ന സമയത്തും അത് കഴിഞ്ഞുമൊക്കെ സംഘപരിവാര്‍ ഗുണ്ടകളെ സംരക്ഷിക്കുക. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തി ഒതുക്കുക.

അതിനിടിയില്‍ സംഘപരിവാര്‍ ആക്രമണമല്ല ഉണ്ടായതെന്നവകാശപ്പെടാന്‍ പ്രത്യേകം തയ്യാറാക്കി നിര്‍ത്തിയ ഡമ്മി സംഘം സംഭവത്തിന്റെ ഉത്തരവാദിത്വവും ഏറ്റെടുത്തു. ഹിന്ദു രക്ഷാ ദള്‍ എന്നാണ് സംഘടനയുടെ പേര്. പക്ഷേ ആക്രമണത്തില്‍ ആര്‍എസ്എസ് ബിജെപി എബിവിപി പ്രവര്‍ത്തകരുടെ പങ്ക് വളരെ കൃത്യമായി വെളിപ്പെടുത്തുന്ന തെളിവുകള്‍ പുറത്തു വന്നതിനു ശേഷമാണ് ഉത്തരവാദിത്വം ഏറ്റെടുത്തത്. ടൈമിംഗ് ഒരിത്തിരി തെറ്റിപ്പോയി. പക്ഷേ എന്തായാലും ഉത്തരവാദിത്വം ഏറ്റെടുത്തവര്‍ അതിന്റെ കാരണം വളരെ കൃത്യമായി പറഞ്ഞു. സര്‍വകലാശാലകള്‍ കമ്യൂണിസ്റ്റ് ഹബ്ബുകളാണ്. അതിവിടെ അനുവദിക്കാനാവില്ല. അതു തന്നെയാണ് ജെഎന്‍യുവും ഹൈദരാബാദ് സര്‍വകലാശാലയുമൊക്കെ സംഘപരിവാറിന്റെ കണ്ണിലെ കരടാവാനുള്ള കാരണം.

ഈ ആക്രമണത്തിന് പൊതു പിന്തുണ കിട്ടാനും കമ്യൂണിസ്റ്റ് ഹബ്ബുകളെല്ലാം സംഘപരിവാര്‍ പറയുന്നതു പോലെയുള്ള സോ കാള്‍ഡ് ഇന്ത്യന്‍ പാരമ്പര്യത്തെയും മൂല്യങ്ങളെയും വകവെക്കാത്ത കേന്ദ്രങ്ങളാണെന്ന് വരുത്താനുള്ള ആ പഴയ സദാചാര നമ്പറും ഇറക്കുന്നുണ്ട്. ജെഎന്‍യുവിലെ കുപ്പത്തൊട്ടിയില്‍ നിന്ന് മൂവായിരം കോണ്ടം കിട്ടിയ ആ കഥ. അതാവുമ്പോള്‍ ആവശ്യത്തിന് എരിവും പുളിയുമുണ്ട്. സമൂഹത്തിന്റെ സദാചാര സങ്കല്‍പങ്ങള്‍ക്ക് നിരക്കാത്തതായതു കൊണ്ട് ആക്രമണം പൊതു സമൂഹത്തില്‍ ന്യായീകരിക്കപ്പെടും. പൊതു സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെ പ്രയോഗിക്കാവുന്ന ഏറ്റവും ശക്തമായ ആയുധമെന്ന നിലയില്‍ സര്‍വകലാശാലകളില്‍ പ്രക്ഷോഭരംഗത്തുള്ള പെണ്‍കുട്ടികളെ നിശബ്ദരാക്കലും ലക്ഷ്യമിടുന്നുണ്ടാവണം ഇതിലൂടെ സംഘപരിവാരം.

പക്ഷേ പുതിയ കാലത്തിന്റെ പ്രതിനിധികളായ സര്‍വകലാശാലാ വിദ്യാര്‍ത്ഥിനികളുടെ അടുത്ത് ഈ പഴഞ്ചന്‍ നമ്പര്‍ ചെലവാവില്ലെന്ന് തിരിച്ചറിയാനുള്ള ബോധം പോലുമില്ല ഈ സംഘത്തിന്. ഉണ്ടെങ്കില്‍ അവര്‍ സംഘപരിവാരമാവില്ലായിരുന്നല്ലോ. കനയ്യ കുമാറിന്റെ വാക്കുകള്‍ കടമെടുത്താല്‍ ജെഎന്‍യുവില്‍ നിന്ന് കാണാതായ നജീബ് എന്ന വിദ്യാര്‍ത്ഥിയെ കണ്ടെത്താന്‍ കഴിയാത്തവരാണ് അവിടത്തെ ചവറു വീപ്പയിലെ ഗര്‍ഭനിരോധന ഉറയുടെ എണ്ണം കണ്ടെത്തുന്നത്. അല്ലെങ്കില്‍ അതു കണ്ടെത്താന്‍ മാത്രം അറിയാവുന്നവരാണ് സംഘപരിവാരമെന്ന് അവര്‍ തെളിയിക്കുകയാണ്.

ചിന്തകളുടെയും സംവാദങ്ങളുടെയും കേന്ദ്രങ്ങളെ തകര്‍ത്ത് പ്രതിഷേധങ്ങളുടെ മുനയൊടിക്കാമെന്നും ഫാസിസ്റ്റ് അധാകരത്തേര്‍വാഴ്ച തടസ്സങ്ങളില്ലാതെ നടത്താമെന്നും ചിന്തിച്ചാണ് സംഘപരിവാര്‍ സര്‍വകലാശാലകളെ ലക്ഷ്യമിടുന്നത്. പക്ഷേ അത് അവരുടെ മോഹം മാത്രമായി അവശേഷിക്കും. മര്‍ദ്ദനമേറ്റ ശേഷവും ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് സമരപ്പന്തലിലെത്തിയ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ കൃത്യമായ മറുപടികള്‍ മാത്രം കേട്ടാല്‍ മതി ഇതില്‍ ആരാണ് തോല്‍ക്കാന്‍ പോവുന്നതെന്ന്. എന്റെ മകളോടൊപ്പം നിരവധി പേര്‍ സമരരംഗത്തുണ്ട്, അതില്‍ അവളോട് മാത്രം പിന്തിരിയാന്‍ ഞാന്‍ പറയില്ലെന്ന് പറഞ്ഞ ഐഷി ഘോഷിന്റെ അമ്മയുടെ ആ ഒരൊറ്റ വാചകം മതി സംഘപരിവാര്‍ അജണ്ടകള്‍ക്ക് എന്തു സംഭവിക്കുമെന്നറിയാന്‍. ഒരുവശത്ത് സ്വാതന്ത്ര്യ സമരത്തിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും ആ കാലഘട്ടത്തിലെ മഹത്തായ ത്യാഗങ്ങളുടെയും അതുവഴി ഈ ഇന്ത്യയുടെത്തന്നെയും നേരവകാശികളാണ്. മറുവശത്ത് ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്തതിന്റെ എണ്ണക്കൂടുതല്‍ കൊണ്ട് മാത്രം കയ്യക്ഷരം നന്നായ പാരമ്പര്യത്തിന്റെ അവകാശികളും. ഇതിലാരെ ജയിപ്പിക്കണമെന്ന് ഇന്ത്യയ്ക്ക് നന്നായി അറിയാമെന്ന് ചരിത്രം തെളിയിച്ചിട്ടുള്ളതാണ്.

Exit mobile version