ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ വീണ്ടും നീട്ടി

ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ ഉണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പ്രസിഡന്റ് മൈത്രിപാല സിരിസേന വീണ്ടും നീട്ടി.

കൊളംബോ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ ഉണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പ്രസിഡന്റ് മൈത്രിപാല സിരിസേന വീണ്ടും നീട്ടി. ജൂണ്‍ 22-ഓടെ അടിയന്തരാവസ്ഥ പിന്‍വലിക്കുമെന്നായിരുന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ഇതില്‍ നിന്ന് പെട്ടെന്നുള്ള പിന്മാറ്റത്തിന്റെ കാരണം വ്യക്തമല്ല. ഇതോടെ സൈന്യത്തിനും പോലീസിനും സംശയമുള്ളവരെ കോടതി ഉത്തരവില്ലാതെ തന്നെ അറസ്റ്റ് ചെയ്യാനും കസ്റ്റഡിയിലെടുക്കാനുമുള്ള അധികാരങ്ങള്‍ തുടരും.

ക്രൈസ്തവ ദേവാലയങ്ങളിലും ഹോട്ടലുകളിലും ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 258 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതില്‍ 42 പേര്‍ വിദേശികളായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്ത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുക്കുകയും ചെയ്തു. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ ഐഎസുമായി ബന്ധമുള്ള നൂറിലേറെ പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

രാജ്യത്ത് കൂടുതല്‍ ആക്രമണങ്ങളുണ്ടാകാനുള്ള സാധ്യത മൈത്രിപാല സിരിസേന തള്ളിക്കളഞ്ഞിട്ടുണ്ട്. ബോംബാക്രമണവുമായി ബന്ധപ്പെട്ട ഭൂരിപക്ഷം പേരെയും പിടികൂടിക്കഴിഞ്ഞു. ശേഷിച്ച ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നതിന്റെ ഭാഗമായാണ് അടിയന്തരാവസ്ഥ നീട്ടിയത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടാണ് അടിയന്തരാവസ്ഥ നീട്ടുന്നതെന്നും സിരിസേന വിജ്ഞാപനത്തില്‍ വ്യക്തമാക്കി.

Exit mobile version