മത്സരത്തില്‍ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ നഷ്ടമായത് നാല് പല്ലുകള്‍; ശ്രീലങ്കന്‍ താരത്തിന് ആശുപത്രി വാസം

കൊളംബോ: ക്രിക്കറ്റ് മത്സരത്തിനിടെ ക്യാച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ശ്രീലങ്കന്‍ താരത്തിന് വീണ് പരിക്കേറ്റ് നാല് പല്ലുകള്‍ നഷ്ടമായി. ബുധനാഴ്ച ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗിലെ മത്സരത്തിനിടെയാണ് സംഭവം. കാന്‍ഡി ഫാല്‍ക്കണ്‍സും ഗല്ലെ ഗ്ലാഡിയേറ്റേഴ്സും തമ്മിലുള്ള മത്സരത്തിനിടെ പരിക്കേറ്റ ഫാല്‍ക്കണ്‍സിന്റെ ഓള്‍റൗണ്ടര്‍ ചമിക കരുണരത്നയ്ക്കാണ് പല്ലുകള്‍ പോയത്.

സര്‍ക്കിളിനുള്ളില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ചമിക പിന്നോട്ടോടി പന്ത് പിടിക്കാന്‍ ശ്രമിക്കവെയാണ് മുഖത്തേക്ക് പന്ത് വീണത്. എന്നാല്‍, വേദനയ്ക്കിടയിലും ചമിക പന്ത് കൈവിട്ടില്ല. ക്യാച്ച് ചെയ്ത പന്ത് ആഘോഷിക്കാന്‍ എത്തിയ സഹതാരത്തിന് കൈമാറി കൈകൊണ്ട് മുഖം പൊത്തിപിടിക്കുകയായിരുന്നു താരം. വായില്‍ നിന്ന് രക്തവും വന്നു. ഇതിനിടെ ടീം ഫിസിഷ്യനെത്തി ചികിത്സ നല്‍കുകയും താരത്തെ വൈകാതെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

അതേസമയം, അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ ചമിക അടുത്ത മത്സരത്തില്‍ കളിക്കുമെന്ന് ഫാല്‍ക്കണ്‍സ് ടീം ഡയറക്ടര്‍ ശ്യാം ഇംപെറ്റ് വ്യക്തമാക്കി. 122 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഫാല്‍ക്കണ്‍സ് അഞ്ച് വിക്കറ്റിന് വിജയിക്കുകയും ചെയ്തു.

also read- വനിതാ സുഹൃത്തിനൊപ്പം കാന്താര സിനിമയ്ക്ക് എത്തി; ഇരുപത് വയസുകാരന് എതിരെ സദാചാര ആക്രമണം; മര്‍ദ്ദനമേറ്റെന്ന് യുവാവ്; കേസെടുത്ത് പോലീസ്

2019-ല്‍ ശ്രീലങ്കയ്ക്കായി അരങ്ങേറിയ ചമിക മൂന്ന് ഫോര്‍മാറ്റിലും കളിച്ചിട്ടുണ്ട്. ദേശീയ ബാഡ്മിന്റണ്‍ താരം കൂടിയാണ് ക്രിക്കറ്റ് ഓള്‍റൗണ്ടറായ ചമിക.

Exit mobile version